പഴയങ്ങാടി റെയിൽവേ അടിപ്പാതയിൽ ബസ് കുടുങ്ങി, ഗതാഗതം സ്തംഭിച്ചു
1492022
Friday, January 3, 2025 1:01 AM IST
പഴയങ്ങാടി: പഴയങ്ങാടി റെയിൽവേ അടിപ്പാതയിൽ ടൂറിസ്റ്റ് ബസ് കുടുങ്ങിയതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു.
അടിപ്പാതയുടെ ഉയരക്കുറവിനെ കുറിച്ചറിയാത്ത ബസ് ഡ്രൈവർ അടിപ്പാതയിലൂടെ കടന്നു പോകാൻ ശ്രമിച്ചതോടെ ബസ് കുടുങ്ങുകയായിരുന്നു. ഇതേ തുടർന്ന് പുതിയങ്ങാടി, മാട്ടൂൽ മേഖലകളിലേക്കുള്ള ഗതാഗതം ഒരു മണിക്കൂറോളം പൂർണമായും തടസപ്പെട്ടു. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. രാത്രി ഏഴോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
സാധാരണ ഉയരക്കൂടുതലുള്ള ബസുൾപ്പെടയുള്ള വാഹനങ്ങൾ മുട്ടം വഴി ഏരിപ്രം പാലം വഴിയാണ് മാട്ടൂൽ ഭാഗത്തേക്ക് പോകാറ്.
എന്നാൽ ഇതറിയാതെ ടൂറിസ്റ്റ് ബസ് ഡ്രൈവർ ഇതുവഴി വരികയായിരുന്നു. എസ്ഐമാരായ കെ.പി. മൻസൂർ, ഇ. അനിൽ, സുനീഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പഴയങ്ങാടി പോലീസും നാട്ടുകാരും ചേർന്നാണ് ബസ് നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.