നടുങ്ങി വളക്കൈ; രക്ഷകരായി നാട്ടുകാർ
1491729
Thursday, January 2, 2025 12:14 AM IST
തളിപ്പറമ്പ്: വളക്കൈയിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടപ്പോൾ രക്ഷകരായത് നാട്ടുകാർ. പകച്ചുനിൽക്കാതെ എല്ലാവരും ചേർ ന്ന് ഉടൻ വാഹനം ഉയർത്തുകയും പരിക്കേറ്റ ഭയചകിതരായ വിദ്യാർഥികളെ ഉടൻ തന്നെ കിട്ടിയ വാഹനങ്ങളിൽ ആശുപത്രികളിൽ എത്തിക്കുകയുമായിരുന്നു.
ഇതിനകം തന്നെ അപകടവിവരം കാട്ടുതീ പോലെ പടർന്നപ്പോൾ തളിപ്പറന്പ് സഹകരണ ആശുപത്രി പരിസരവും ജനപ്രളയമായി. വിവരമറിഞ്ഞ് എം.വി. ഗോവിന്ദൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രത്നകുമാരി, കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ ആശുപത്രികളിലെത്തി. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെയാണ് അല്പമെങ്കിലും ആശ്വാസമായത്. ഇതിനിടെ അപകടത്തിൽ രണ്ടു വിദ്യാർഥികൾ മരിച്ചെന്ന തെറ്റായ വാർത്ത പ്രചരിച്ചതും ആശങ്കയ്ക്കിടയാക്കിയിരുന്നു.
അപകടത്തിനിടയാക്കിയത് അമിതവേഗം
തളിപ്പറമ്പ്: വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടം അമിതവേഗത കാരണമെന്ന് മോട്ടോർ വകുപ്പ്. ബസിന്റെ അമിത വേഗതയും ഡ്രൈവറുടെ പരിചയക്കുറവും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതായാണ് പ്രാഥമിക വിലയിരുത്തലെന്ന് എഎംവിഐ ബിബിന്‍ രവീന്ദ്രന് പറഞ്ഞു. 14 വർഷത്തെ പഴക്കമുള്ളതാണ് സ്കൂൾ ബസ്. ബസ് ബ്രേക്ക് ചെയ്യാൻ ശ്രമിച്ച പാട് റോഡിൽ കണ്ടെത്തിയിട്ടുണ്ട്. അമിതവേഗത ആയതിനാൽ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു എന്നാണ് നിഗമനമെന്നും എഎംവിഐ ബിബിന്‍ രവീന്ദ്രന് പറഞ്ഞു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാർഥികളും പറഞ്ഞു.
വാഹനം മാറ്റാൻ പറഞ്ഞിട്ടും
ചെയ്തില്ലെന്ന് ഡ്രൈവർ
തളിപ്പറന്പ്: ബ്രേക്ക് ഉൾപ്പെടെയുള്ളവയക്ക് തകരാറുകൾ ഉണ്ടായിരുന്ന കാലപ്പഴക്കം നേരിടുന്ന ബ സ് മാറ്റാൻ ആവശ്യപ്പെട്ടിരുന്നുവെന്നു ഡ്രൈവർ നിസാം. എന്നാൽ ഈ അധ്യയന വർഷം കഴിയട്ടെ എന്നാണ് മറുപടിയാണ് നൽകിയതെന്നും ഡ്രൈവർ നിസാം പറഞ്ഞു. താൻ അമിത വേഗതയിൽ ബസ് ഓടിച്ചിരുന്നില്ല. ഓട്ടത്തിനിടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. പതുക്കെയായിരുന്നു ഇറക്കം ഇറങ്ങിയിരുന്നത്.
സെക്കന്‍ഡ് ഗിയറില്‍ പതുക്കെ ഇറങ്ങുന്നതിനിടെ ബ്രേക്ക് പോയി. പിന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ബസ് അരികിലേക്ക് നീങ്ങി വലതുവശത്തേക്ക് കുഴിയിലേക്ക് മറിഞ്ഞതോടെ പലതവണ മലക്കം മറിയുകയായിരുന്നു. ഒരു കുട്ടി ബസിൽനിന്ന് തെറിച്ച് വീണുവെന്നും ബസിന് അടിയിൽ കുടുങ്ങിപോയെന്നും പിന്നീടാണ് അറിഞ്ഞത്.
ബസിന്റെ ഫിറ്റ്നസ് ഡിസംബറിൽ പുതുക്കാൻ പോയപ്പോള്‍ ആര്‍ടിഒ മടക്കി അയയ്ക്കുകയായിരുന്നു. ബസിന്റെ ബ്രേക്കിന് ഉള്‍പ്പെടെ പല പ്രശ്നങ്ങളുണ്ടായിരുന്നു. ഇക്കാര്യം സ്കൂള്‍ അധികൃതരോട് പറഞ്ഞിരുന്നുവെന്നുവെന്നും നിസാം പറഞ്ഞു.