അശാസ്ത്രീയ അടിപ്പാത: മൂന്ന് മുതൽ തളിപ്പറമ്പ് ധർമശാല- ചെറുകുന്ന്തറ റൂട്ടിൽ ബസ് പണിമുടക്ക്
1491553
Wednesday, January 1, 2025 5:30 AM IST
തളിപ്പറമ്പ്: ദേശീയപാതയിലെ മാങ്ങാട്ട്പറന്പിലെ അടിപ്പാത അശാസ്ത്രീയമാണെന്നും പരിഹരിക്കണമെന്നുള്ള ബസ് ഉടമകളുടെയും തൊഴിലാളികളുടെയും ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് മൂന്ന് മൂതൽ തളിപ്പറമ്പ്-ധർമശാല- ചെറുകുന്ന്തറ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. ധർമശാലയിൽ യൂണിവേഴ്സിറ്റി റോഡിന് അഭിമുഖമായി ബസുകൾക്ക് കടന്നു പോകാൻ സാധിക്കുന്ന രീതിയിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
നിർമാണ പ്രവൃത്തി നടക്കുന്പോൾ തന്നെ ഇക്കാര്യം ബസ് മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ നാലു മീറ്റർ വീതിയിലും മൂന്നര മീറ്റർ ഉയരത്തിലുമാണ് അടിപ്പാത നിർമിച്ചത്. ഇതിലൂടെ വലിയ വാഹനങ്ങൾക്ക് കടന്നു പോകാനാവില്ല. അടിപ്പാതയുടെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുകൾ നേരത്തെ പണിമുടക്കിയിരുന്നു. നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിരുന്നു.
പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽയിരുന്നെങ്കിലും പാലിക്കാത്ത സാഹചര്യത്തിലാണ് സമരത്തിനിറങ്ങുന്നതെന്ന് ബസുടമകളും തൊഴിലാളി സംഘടനകളും പറയുന്നു.തളിപ്പറമ്പ് ഭാഗത്ത് നിന്നും വരുന്ന ബസുകൾ കണ്ണപുരം ചെറുകുന്ന് ഭാഗത്തേക്ക് പോകാൻ മൂന്നൂ കിലോമീറ്ററുകളിലധികം സഞ്ചരിക്കേണ്ട അവസ്ഥയാണിപ്പോഴുള്ളത്. ഇത് വലിയ ഇന്ധന നഷ്ടത്തിനും സാന്പത്തിക നഷ്ടത്തിനും കാരണമാകും. കൂടാതെ സമയനഷ്ടമുണ്ടാകുന്നതിനാൽ ട്രിപ്പുകൾ പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയ്ക്കും ഇടയാക്കുമെന്ന് ബസുടമകളും ജീവനക്കാരും പറയുന്നു.
ഏമ്പേറ്റിലെ
മേൽപ്പാല സമരം:
32 ദിവസം പിന്നിട്ടു
പരിയാരം: ഏമ്പേറ്റിൽ മേൽപ്പാലം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം 32 ദിവസം പിന്നിട്ടു. ഇന്നലെ നടന്ന സമരം കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം സി.പി ഷിജു ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ വി. രമണി അധ്യക്ഷത വഹിച്ചു. എ.രാജേഷ്, മാത്യു,പി.വി. മോഹനൻ, സി.കെ ഷോണ, ചാലിൽ ദാമോദരൻ,പി.വി ഗോപാലൻ, ഇ. തമ്പാൻ, ഇ.സി ഭാസ്ക്കരൻ എന്നിർ പ്രസംഗിച്ചു. ഇന്നത്തെ സമരം നാടൻ പാട്ട് കലാകാരൻ പ്രവീൺ രുഗ്മ ഉദ്ഘാടനം ചെയ്യും.