കണ്ണൂർ സർവകലാശാല ബജറ്റ് : വിദേശ മാതൃകയിൽ പഠനത്തോടൊപ്പം തൊഴിലും
1491374
Tuesday, December 31, 2024 7:28 AM IST
കണ്ണൂർ: വിദേശ രാജ്യങ്ങളില്‍ വിദ്യാഭ്യാസത്തോടൊപ്പം തൊഴിലും സ്വീകരിച്ചു വരുന്ന മാതൃകയിൽ കോഴ്സുകളുടെ സിലബസ് തയാറാക്കാൻ കണ്ണൂർ സർവകലാശാല ബജറ്റിൽ നിർദേശം
.
2025-26 അധ്യയന വര്‍ഷത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും സര്‍വകലാശാലയില്‍ കൂടുതല്‍ പഠന സൗകര്യം ഒരുക്കി വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളും സായാഹ്ന കോഴ്സുകളും സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും നൈപുണ്യ വികസന കോഴ്സുകളും സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടറേറ്റ് വഴി ആരംഭിക്കാനും നിർദേശിക്കുന്ന ബജറ്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഓണ്‍ ഫിനാന്‍സ് കണ്‍വീനര്‍ ഡോ. പി.കെ. സജിത ഇന്നലെ സിൻഡിക്കേറ്റ് യോഗത്തിൽ അവതരിപ്പിച്ചു.
ജേർണലിസം പഠന വകുപ്പിൽ സ്റ്റുഡിയോ നിർമാണം, പെൺകുട്ടികൾക്ക് ആയോധനകല പരിശീ ലനം, ലാബോറട്ടറികളുടെയും ക്ലാസ് മുറികളുടെയും ആധുനികവത്കരണം, കൂടുതൽ ഗവേഷണ പദ്ധതികൾ എന്നിവയ്ക്കും ബജറ്റിൽ ഊന്നൽ നല്കുന്നു. വിവിധ ഇനങ്ങളിലായി 354.95 കോടി രൂപ വരവും 342.14 കോടി രൂപ ചെലവും 12.81 കോടി രൂപ നീക്കിയിരുപ്പുമാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാന സർക്കാരിൽ നിന്ന് പദ്ധതിയിനത്തിൽ 37.75 കോടി രൂപയും പദ്ധതിയേതര ഇനത്തിൽ 90 കോടി രൂപയും പ്രതീക്ഷിക്കുന്ന ബജറ്റിൽ സർവകലാശാലയുടെ തനതു വരുമാനമായി 71.27 കോടി രൂപയും പ്രതീക്ഷിക്കുന്നു.
പ്രധാന പദ്ധതികളും
നിർദേശങ്ങളും
മാങ്ങാട്ടുപറമ്പ് കാമ്പസിലെ ജേർണലിസം പഠന വകുപ്പിൽ സ്റ്റുഡിയോ നിർമാണം പൂർത്തീകരിക്കു ന്നതിന് ഒരു കോടി.
ഓൺലൈൻ ടെസ്റ്റ് സെന്റർ സ്ഥാപിക്കുന്നതിന് 50 ലക്ഷം .
സര്‍വകലാശാല പഠനവകുപ്പുകളിലെ ക്ലാസ് മുറികളുടെയും ലാബുകളുടെയും ഉപകരണങ്ങളുടെയും ആധുനികവത്കരണത്തിനും നവീകരണത്തിനും പ്രത്യേക ഫണ്ട്.
സെൻട്രൽ ലൈബ്രറിയിൽ ഡിജിറ്റൽ റിസോഴ്സുകൾ കൂടുതൽ ലഭ്യമാക്കുന്നതിനും കൂടുതൽ പുസ്തകങ്ങൾ വാങ്ങുന്നതിനും ആവശ്യമായ തുക ബജറ്റിൽ വകയിരുത്തി.
പൂർത്തീകരിക്കാത്ത വിവിധ നിർമാണ പദ്ധതികൾ നടപ്പ് സാമ്പത്തിക വർഷം സർവകലാശാലയുടെ തനത് ഫണ്ടും കൂടി പ്രയോജനപ്പെടുത്തി പൂർത്തീകരിക്കും.
സ്വയംസംരംഭകത്വം വികസിപ്പിക്കുന്നതിന് ഇന്നൊവേറ്റീവ് ആൻഡ് എന്റർപ്രണർഷിപ്പ് സംരംഭങ്ങൾ, അക്കാഡമിക്/ സ്റ്റുഡന്റ് സപ്പോർട്ട് സ്കീമുകൾ എന്നിവയ്ക്ക് പ്രത്യേകമായി തുക.
വിദ്യാർഥികളുടെ സാമൂഹ്യ, സാമ്പത്തിക, സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് സ്റ്റുഡന്റ് ഹാർഡ്ഷിപ് സ്കീം നടപ്പിലാക്കും.
വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് സർവകലാശാല കരിയർ ഡെവലപ്മെന്റ് സെന്റർ, ബിസിനസ് ഇൻകുബേഷൻ സെൻറർ എന്നിവയുടെ നേതൃത്വത്തിൽ പ്ലേസ്മെന്റ്/ തൊഴിൽ മേളകൾ സംഘടിപ്പിക്കും.
പുതുതായി നിയമിതരായ അധ്യാപകർക്ക് കൂടുതൽ ഗവേഷണങ്ങൾ നടത്തുന്നതിന് ‘സീഡ് മണി’ ഇനത്തിൽ തുക അനുവദിച്ചു. സർവകലാശാല അധ്യാപകരുടെ ഗവേഷണ ആഭിമുഖ്യം വർധിപ്പിക്കുന്നതിനും അവർ പ്രാവിണ്യം നേടിയ മേഖലയിൽ തുടർ ഗവേഷണം നടത്തുന്നതിനും ഇത് വഴിയൊരുക്കും.
പഠന വകുപ്പിന് കീഴിലുള്ള വിദ്യാർഥികൾക്ക് നിലവിലുള്ള ഗവേഷണ ഫെലോഷിപ്പ് ഇരട്ടിയായി വർധിപ്പിച്ചു. ഗവേഷണ കാലയളവിൽ ഓരോരുത്തർക്കും 7,20,000 രൂപ വീതം വകകൊള്ളിക്കുകയും മറ്റു ഗവേഷക വിദ്യാർഥികളുടെ ഫെല്ലോഷിപ്പിനും കൂടുതൽ തുക വകയിരുത്തി.
അക്കാഡമിക-അക്കാഡമികേതര ഗവേഷണ പ്രവർത്തനങ്ങൾ അതിന്റെ ഗുണഭോക്താക്കൾക്ക് ദൃശ്യ മാധ്യമ രൂപത്തിൽ എത്തിച്ചു നൽകുന്നതിന് ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിക്കും.
കണ്ണൂരിൽ സ്ഥാപിക്കുന്ന സയൻസ് പാർക്കുമായി ചേർന്ന് ഗവേഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കും.
പരിസ്ഥിതി സംരക്ഷണത്തിന് പ്രത്യേക ഫണ്ട്. കൂടാതെ ഊർജ സംരക്ഷണം, ബദൽ ഊർജ വിഭവങ്ങൾ എന്നിവക്കായി പദ്ധതികൾ.
കൗൺസിലിംഗ് സെന്ററുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, ഫിറ്റ്നസ് സെന്ററുകൾ, പെൺകുട്ടികൾക്കായി ആയോധനകല പരിശീലനം, സാഹസിക പരിശീലനം എന്നിവയ്ക്ക് തുക വകയിരുത്തി.
ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുള്ള കരുതൽ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കുള്ള സഹായം എന്നിവയ്ക്ക് പ്രത്യേകം തുക.
ഈ വർഷം മൂന്നാം പാദ നാക് അക്രഡിറ്റേഷനിലക്ക് നീങ്ങുന്ന സർവകലാശാലയ്ക്ക് ഇതിനായുള്ള പ്രവർത്തനങ്ങൾക്കായി 25 ലക്ഷം വകയിരുത്തി.
പരീക്ഷ എഴുതാൻ സഹായികളെ
അനുവദിക്കുന്നതിന് ചട്ടങ്ങൾ
കണ്ണൂർ: വ്യവസായം അടക്കമുള്ള വിവിധ മേഖലകളിലെ വിദഗ്ധരുടെ കഴിവുകൾ അക്കാഡമിക് സ്ഥാപനങ്ങളിലേക്ക് കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെ യുജിസി അവതരിപ്പിച്ച, "പ്രഫസർ ഓഫ് പ്രാക്ടീസ്" കണ്ണൂർ സർവകലാശാലയിലും നടപ്പാക്കാൻ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
മാതൃകാപരമായ പ്രഫഷണൽ പ്രാക്ടീസ് ഉള്ള വിദഗ്ധരേ സർവകലാശാല കളിൽ അധ്യാപകരാകുന്നതിന് ആവശ്യമായ ഔപചാരിക അക്കാദമിക് യോഗ്യത, പ്രസിദ്ധീകരണ ങ്ങളുടെ ആവശ്യകത, യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവയിൽനിന്നും ഒഴിവാക്കും.
ബിഎസ്സി ഫുഡ് ടെക്നോളജി, ബിഎസ്സി. ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് എന്നീ പ്രോഗ്രാമുകൾക്ക് പഠന ബോർഡുകൾ രൂപീകരിക്കും. അപകടങ്ങളിൽപെട്ട് പരീക്ഷ എഴുതാൻ പറ്റാതാവുന്ന വിദ്യാർഥികൾക്ക് സഹായികളെ അനുവദിക്കുന്നതിനായി ചട്ടങ്ങൾ തയാറാക്കും. സർവകലാശാലയും കേരള ഹയർ എഡ്യൂക്കേഷൻ കൗൺസിലും തമ്മിൽ ധാരണാ പത്രം ഒപ്പിടാനും വിവിധ കോളജുകളിലെ പ്രിൻസിപ്പൽ നിയമനം, അധ്യാപക നിയമനം എന്നിവക്ക് അംഗീകാരം നല്‍കാനും തീരുമാനിച്ചു.