എം.വി.ആർ കാമ്പസിൽ "മഞ്ഞ്' വായനാ കോർണർ
1491772
Thursday, January 2, 2025 1:46 AM IST
പറശിനിക്കടവ്: എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി എം.വി.ആർ ആയുർവേദ കോളജ് കാമ്പസിന്റെ ഭാഗമായുള്ള ഇല റസ്റ്റോറന്റിൽ "മഞ്ഞ്' വായനാ കോർണർ ആരംഭിച്ചു. എം.ടി. വാസുദേവൻ നായരുടെ പ്രശസ്ത കൃതി "മഞ്ഞ്' എന്ന പേരിൽ ആരംഭിച്ച വായനാ കോർണറിന്റെ ഉദ്ഘാടനം നോവലിസ്റ്റ് ആർ. രാജശ്രീ നിർവഹിച്ചു. എം.വി.ആർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ പ്രഫ. ഇ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.
ഇല റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ മന്ത്ര മ്യൂസിക് അക്കാദമി ചെയർമാൻ ബാലു മുയ്യം, രാഗസന്ധ്യ സംഗീത കൂട്ടായ്മയിലെ ഗായകർ, മന്ത്ര മ്യൂസിക് അക്കാദമിയിലെ ഗായകർ എന്നിവർ പങ്കെടുത്തു.
കണ്ണൂർ ജില്ലയിലെ പ്രമുഖ എഴുത്തുകാർക്ക് തങ്ങളുടെ കൃതിയെക്കുറിച്ച് വായനക്കാരുമായി സംവദിക്കാനുള്ള അവസരം ലഭ്യമാക്കുമെന്നും കൂടാതെ വായനാ പ്രേമികൾക്കായി ചർച്ചാ പരിപാടികൾ, സാഹിത്യസന്ധ്യകൾ, കവിതാ വായനകൾ തുടങ്ങിയവയും സംഘടിപ്പിക്കുമെന്നും ഡയറക്ടർ പ്രഫ. ഇ. കുഞ്ഞിരാമൻ അറിയിച്ചു.