മഹാരാഷ്ട്രയ്ക്കും സർവീസസിനും ഹരിയാനയ്ക്കും സ്വർണം
1492015
Friday, January 3, 2025 1:00 AM IST
കണ്ണൂർ: മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35ാമത് ദേശീയ സീനിയർ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷ സാബർ ടീം മത്സരത്തിൽ സർവീസസിനെ 45/40ന് തോൽപ്പിച്ച് മഹാരാഷ്ട്ര സ്വർണ മെഡൽ ജേതാക്കളായി. സർവീസസ് വെള്ളിയും ജമ്മു കാഷ്മീർ, പഞ്ചാബ് എന്നിവ വെങ്കലവും നേടി .
പുരുഷ ഫോയിൽ ടീം മത്സരത്തിൽ ഹരിയാനയെ തോൽപ്പിച്ച് സർവീസസ് സ്വർണമെഡൽ നേടി. സ്കോർ 45/31. ഹരിയാന വെള്ളിയും മണിപ്പുർ, മഹാരാഷ്ട്ര എന്നിവ വെങ്കലവും നേടി. വനിതാ എപ്പി ടീമിനത്തിൽ ഹരിയാന സ്വർണം നേടി. സ്കോർ 45/41. മണിപ്പുർ വെള്ളിയും മഹാരാഷ്ട്ര , ചത്തീസ്ഗഡ് എന്നിവ വെങ്കലവും നേടി.
സീനിയർ പുരുഷ വിഭാഗം സാബെർ, ഫോയിൽ മത്സരങ്ങളിൽ കേരള പുരുഷ ടീം പ്രീക്വാർട്ടറിൽ പുറത്തായി. എപ്പി ഇനത്തിൽ കേരള വനിതാ ടീം ക്വാർട്ടർ ഫൈനലിൽ ഹരിയാനയോട് തോറ്റു പുറത്തായി. ഇന്ന് വനിതകളുടെ ഫോയിൽ, സേബർ, പുരുഷൻമാരുടെ എപ്പി ഗ്രൂപ്പ് മത്സരങ്ങൾ നടക്കും. കേരള വനിതകൾ ഫോയിൽ, സാബെർ ഇനങ്ങളിലും കേരള പുരുഷന്മാർ എപ്പി ഇനത്തിലും ഇന്ന് മാറ്റുരയ്ക്കും.
ചാമ്പ്യൻഷിപ്പ് ഇന്നു സമാപിക്കും. സമാപന സമ്മേളനം വൈകുന്നേരം നാലിന് സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. സർവീസസ് ഉൾപ്പെടെ ടീമുകളുടെ 168 ഗ്രൂപ്പുകളാണ് മത്സര രംഗത്തുള്ളത്. കേരളത്തിൽ നിന്ന് നാലുപേർ വീതമുള്ള ആറു ഗ്രൂപ്പുകളാണുള്ളത്. വ്യക്തിഗത മത്സരങ്ങളിൽ ഉയർന്ന റാങ്കുള്ള മത്സരാർഥികളെയാണ് ഗ്രൂപ്പ് തലങ്ങളിലേക്ക് തെരഞ്ഞെടുത്തത്.
രാവിലെ ഒന്പതു മുതൽ വൈകുന്നേരം ഏഴു വരെയാണ് മത്സര സമയം.