അപകട സമയത്ത് ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചതായി സംശയം
1491730
Thursday, January 2, 2025 12:14 AM IST
തളിപ്പറമ്പ്:വളക്കൈയിൽ വിദ്യാര്‍ഥിനി മരിച്ച സ്കൂള്‍ ബസ് അപകടത്തില്‍ ഡ്രൈവറുടെ വീഴ്ചയും കാരണമായെന്ന് സംശയം. സിസിടിവിയിൽ കാണുന്ന അപകടത്തിന്റെ ദൃശ്യത്തിലെ സമയമായ 4.03-ന് ഡ്രൈവർ നിസാം വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടതായി തെളിവുകൾ പുറത്തുവന്നു.സ്കൂളിൽ കുട്ടികൾ ഇരിക്കുന്ന ദൃശ്യമാണ് നിസാം സ്റ്റാറ്റസായി ഇട്ടത്.
അതിലെ സമയം കാണിക്കുന്നത് വൈകുന്നേരം 4.03 ആണ്. അതേ സമയത്താണ് അപകടവും നടന്നത്. അതുകൊണ്ടുതന്നെ അപകടം നടക്കുമ്പോൾ ഇയാൾ വാട്സ് ആപ്പ് ഉപയോഗിച്ചിരുന്നു എന്ന സംശയമാണ് ഉയരുന്നത്. എന്നാൽ ഇക്കാര്യം നിസാം നിഷേധിച്ചു. നേരത്തെ ഇട്ട സ്റ്റാറ്റസ് ഈസമയം അപ്ലോഡ് ആയതായിരിക്കുമെന്നാണ് നിസാം പറയുന്നത്.
അപകടങ്ങൾ
ആവർത്തിക്കാതിരിക്കാൻ
നടപടി വേണം:
സജീവ് ജോസഫ്
ശ്രീകണ്ഠപുരം: വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ വിദ്യാർഥിനിക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത് അതീവ ദുഖകരവും ഹൃദയഭേദകമാണെന്നും സജീവ് ജോസഫ് എംഎൽഎ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തികാരിതിക്കാൻ ബന്ധപ്പെട്ടവർ ശക്തമായ നടപടി സ്വീകരിക്കണമെന്നും സജീവ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. അപകടത്തിന്റെ നിജ സ്ഥിതി ബോധ്യമാകുന്നതിനുവേണ്ടി ഉന്നതല അന്വേഷണം നടത്തണം. പരിക്കേറ്റവരെ ആശുപത്രികളിൽ സന്ദർശിച്ച എംഎൽഎ ജനപ്രതിനിധികൾക്കൊപ്പം അപകടം നടന്ന പ്രദേശവും സന്ദർശിച്ചു.
ഗവ.മെഡി. കോളജിലെ
സിടി സ്കാൻ തകരാറിൽ
ദുരിതമനുഭവിച്ച് വിദ്യാർഥിനി
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ സിടി സ്കാൻ പ്രവർത്തിക്കാത്തതിനെ തുടർന്ന് സ്കൂൾ ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയക്കെത്തിയ വിദ്യാർഥിനി വലഞ്ഞു. പരിക്കേറ്റ ശ്രീനായ് സഹാനിയെ (12) ആശുപത്രിയിലെത്തിച്ചപ്പോഴാണ് സിടി സ്കാൻ പണിമുടക്കിയ വിവരം അറിയുന്നത്. പിന്നീട് ദേശീയപാതയ്ക്കപ്പുറമുള്ള സ്വകാര്യ സ്കാനിംഗ് കേന്ദ്രത്തിലെത്തിച്ച് സ്കാനിംഗ് നടത്തുകയായിരുന്നു.
കൃത്യമായ രീതിയിൽ സർവീസ് ഉൾപ്പെടെയുള്ളവ നടത്താത്തതിനെ തുടർന്നാണ് മെഷീൻ ഇടയ്ക്കിടെ തകരാറിലാകുന്നതെന്ന് ആരോപണമുണ്ട്. അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ എത്തുന്നവരും ആരോഗ്യ ഇൻഷ്വറൻസും കാരുണ്യ പദ്ധതിയും ഉപയോഗപ്പെടുത്തുന്ന പാവപ്പെട്ട രോഗികളുമാണ് ഇതു കാരണം ഏറെ ദുരിതമനുഭവിക്കുന്നത്.
കുറച്ച് ദിവസം മുന്‍പ് ചെറുതാഴത്ത് വാഹനാപകടത്തിൽ പരിക്കേറ്റ കർണാടകയിൽ നിന്നുള്ള അയ്യപ്പഭക്തൻമാരെ സ്കാനിംഗിന് പുറത്തേക്ക് നിർദേശിക്കുകയായിരുന്നു. ഇതേ തുടർന്ന് നിർബന്ധ ഡിസ്ചാർജ് വാങ്ങി അപകടത്തിൽ പെട്ടവർ ആശുപത്രി വിടുകയായിരുന്നു. രോഗികളുടെ ദുരിതമൊഴിവാക്കാൻ മികച്ച രീതിയിൽ സ്കാനിംഗ് സംവിധാനം ഒരുക്കാൻ അധികൃതർ തയാറാകണമെന്ന് ജനങ്ങൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായി.