കണ്ണീരോടെ നേദ്യയ്ക്ക് നാടിന്റെ വിട
1492012
Friday, January 3, 2025 1:00 AM IST
തളിപ്പറമ്പ്: വളക്കൈ അപകടത്തിൽ മരിച്ച കുറുമാത്തൂർ ചിന്മയ വിദ്യാലയം വിദ്യാർഥിനി നേദ്യ എസ്. രാജേഷിന് നാട് കണ്ണീരോടെ വിടയേകി. പരിയാത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ഭൗതികശരീരം ചിൻമയ സ്കൂളിൽ നേദ്യയുടെ ചേതനയറ്റ ശരീരം പൊതുദർശനത്തിനായി എത്തിച്ചപ്പോൾ സഹപാഠികളും സുഹൃത്തുക്കളും വിദ്യാർഥികളും അധ്യാപകരും ഒന്നടങ്കം പൊട്ടിക്കരയുകയായിരുന്നു. നാടിന്റെ നാനാഭാഗത്തു നിന്നുള്ള വൻജനാവലിയാണ് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്.
തുടർന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോയപ്പോഴും ബന്ധുക്കളും നാട്ടുകാരും മരണം ഉൾക്കൊള്ളാനാകാതെ വിതുന്പി. എംപിമാരായ പി. സന്തോഷ് കുമാർ, ജോൺ ബ്രിട്ടാസ്, സജീവ് ജോഫസ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരി, പഞ്ചായത്ത് പ്രസിഡന്റ് വി.എം സീന എന്നിവരുൾപ്പെടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു. തുടർന്ന് ഉച്ച കഴിഞ്ഞ് 1.30 ഓടെ മഞ്ചാലിലെ കുറുമാത്തൂർ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.
ചികിത്സയിൽ മൂന്നുപേർ
തളിപ്പറമ്പ്: പരിക്കേറ്റ മൂന്നു പേരൊഴികെ മറ്റുള്ളവർ ആശുപത്രി വിട്ടു. പരിക്കേറ്റ വിദ്യാർഥിനി ശ്രീനായ് സഹാനി (12), ബസ് ഡ്രൈവർ നിസാം, ആയ സുലോചന എന്നിവരാണ് ആശുപത്രിയിൽ തുടരുന്നത്. ശ്രീനായ് സഹാനി കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും നിസാം, സുലോചന എന്നിവർ തളിപ്പറന്പ് താലൂക്ക് ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. തീവ്ര പരിചരണ വിഭാഗത്തിലുള്ള ശ്രീനായ് സഹാനിയെ ഉടൻ തന്നെ വാർഡിലേക്ക മാറ്റുമെന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.