റോഡിൽ വാഴ നട്ടും റീത്ത് വച്ചും പ്രതിഷേധിച്ചു
1492029
Friday, January 3, 2025 1:01 AM IST
മട്ടന്നൂർ: കൂരൻ മുക്ക്-പെരിയത്തിൽ റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് നടുറോഡിൽ വാഴനട്ടും റീത്ത്വച്ചും നാട്ടുകാരുടെ പ്രതിഷേധം. റോഡ് നിർമാണം അനന്തമായി നീണ്ടുപോകുന്നതിൽ അമർഷം പ്രകടിപ്പിച്ചാണ് എളമ്പയിൽ റോഡിന്റെ മധ്യഭാഗത്ത് ബോർഡ് വച്ചും വാഴനട്ടും റീത്ത് വച്ചും പ്രതിഷേധിച്ചത്.
ഒരാഴ്ച മുമ്പ് ഈ റൂട്ടിൽ ഓട്ടോറിക്ഷകളും പണിമുടക്കിയിരുന്നു. നഗരസഭാ അധികൃതർ ചർച്ച നടത്തി ഉടൻ പ്രവൃത്തി തുടങ്ങുമെന്ന ഉറപ്പിന്മേൽ ഓട്ടോ പണിമുടക്ക് അവസാനിപ്പിക്കുകയായിരുന്നു.
മൂന്ന് കിലോമീറ്ററോളം റോഡിന്റെ പെരിയത്തിൽ മുതൽ ഒന്നര കിലോമിറ്ററോളം ഭാഗം സണ്ണിജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 40 ലക്ഷവും അവശേഷിക്കുന്ന കൂരൻ മുക്ക് വരെയുള്ള ഭാഗം നഗരസഭ ഫണ്ടിൽ നിന്നും വിവിധ ഘട്ടങ്ങളിലായി 31.5 ലക്ഷം രൂപയുമാണ് നവീകരണത്തിനായി അനുവദിച്ചത്. ഇരു പ്രവൃത്തികളുടെയും കരാർ ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തികരിച്ചെങ്കിലും കുടിവെള്ള പൈപ്പ്ലെെൻ പ്രവൃത്തി നടത്തുന്നതിനാൽ റോഡ് നവീകരണം അനന്തമായി നീളുകയായിരുന്നു.
ഇത് സംബന്ധിച്ച് നിരവധി തവണ നഗരസഭ അധികൃതർ വാട്ടർ അഥോറിറ്റി ഉദ്യേഗസ്ഥരുമായി ചർച്ച നടത്തിയിരുന്നുവെങ്കിലും പുരോഗതി ഉണ്ടായില്ല. പൊട്ടി പൊളിഞ്ഞ റോഡിൽ ഇരുഭാഗത്തും കുഴികളെടുത്തതോടെ കാൽ നടയാത്ര പോലും ദുസഹമായ അവസ്ഥയാണ്. റോഡിനിരുവശത്തെ വീട്ടുകാർക്ക് പൊടിപടലങ്ങൾ മൂലം മാസ്ക് ഉപയോഗിച്ച് കഴിയേണ്ട അവസ്ഥയാണ്.