സർവീസ് റോഡിന് സംരക്ഷണ വേലിയൊരുക്കി വയോജനവേദി
1491555
Wednesday, January 1, 2025 5:30 AM IST
പയ്യാവൂർ: കിഫ്ബി പദ്ധതി മുഖേന കാഞ്ഞിലേരി - ഉളിക്കൽ റോഡ് നവീകരണം പൂർത്തിയാക്കിയ റോഡിന് സംരക്ഷണ വേലിയൊരുക്കി വയോജനവേദി പ്രവർത്തകർ. നവീകരണം പൂർത്തിയായതോടെ റോഡ് ഉയർന്ന സാഹചര്യത്തിലാണ് സംരക്ഷണ വേലി ഒരുക്കിയത്. നിരവധി വാഹനങ്ങളും സ്കൂളിലേക്ക് വിദ്യാർഥികളും കടന്നുപോകുന്ന മൊളൂരിലേക്കുള്ള സർവീസ് റോഡിന് മൂന്ന് മീറ്ററോളം ഉയരമുണ്ട്. ഈ ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലുമാണ് കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ് സിഎഫ്) ബാലങ്കരി യൂണിറ്റ് പ്രവർത്തകർ മുപ്പത്തിയഞ്ചായിരം രൂപ ചെലവഴിച്ച് സംരക്ഷണവേലി നിർമിച്ചത്. റോഡ് നിർമാണ ഘട്ടത്തിൽ നിരവധി സംഘടനകൾ ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും നടപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറായില്ല.
ഇതേ തുടർന്നാണ് വയോജനവേദി സ്വന്തം നിലയിൽ ദീർഘകാലം നിലനിൽക്കുന്ന വിധത്തിൽ സംരക്ഷണ വേലി നിർമിച്ച് പരിഹാരം കണ്ടെത്തിയത്. ബാലങ്കരിയിൽ നടന്ന ചടങ്ങിൽ വയോജന വേദിയിലെ മുതിർന്ന അംഗം കാണിയേരി പത്മനാഭൻ നമ്പ്യാർ ഉദ്ഘാടനം നിർവഹിച്ചു. വയോജന വേദി സെക്രട്ടറി കെ.ജനാർദനൻ, പ്രസിഡന്റ് കെ.പി.ബാലൻ, ട്രഷറർ ടി.വി.നാരായണൻ, ഇ.കുഞ്ഞികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.