ഭീതിപരത്തി വന്യമൃഗങ്ങള്‍; ഉള്ളുലച്ച് അപകടമരണങ്ങള്‍
1491551
Wednesday, January 1, 2025 5:30 AM IST
മുമ്പ് വന്യമൃഗങ്ങള്‍ മലയോരത്തെ കൃഷിയിടങ്ങളില്‍ നാശം വിതയ്ക്കുകയായിരുന്നു പതിവെങ്കില്‍ ഇപ്പോഴത് ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയാകുന്ന രീതിയില്‍ പട്ടാപ്പകല്‍ പോലും ജനവാസകേന്ദ്രങ്ങളില്‍ സ്വൈരവിഹാരം നടത്തുന്നു. ആനയും കാട്ടുപന്നിയും കാട്ടുപോത്തുമൊക്കെയാണ് ഭീഷണി പരത്തിയതെങ്കില്‍ ഈ വര്‍ഷം ആ പട്ടികയിലേക്ക് പുലിയുമെത്തി. പനത്തടിയിലും മുളിയാറിലുമൊക്കെ പുലികള്‍ കൂട്ടത്തോടെയിറങ്ങിയതോടെ പേടിച്ചുവിറച്ചാണ് പ്രദേശവാസികള്‍ കഴിയുന്നത്. വനമേഖലയില്ലാത്ത മടിക്കൈയില്‍ പോലും പുലിയുടെ സാന്നിധ്യമുണ്ട്. നടപടിയെടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട വനംവകുപ്പാണെങ്കില്‍ കൈയുംകെട്ടി നോക്കിനില്‍ക്കുകയാണ് ചെയ്യുന്നത്.
ഞെട്ടലായി
വെടിക്കെട്ടപകടം
നീലേശ്വരത്തെ വെടിക്കെട്ടപകടത്തില്‍ ആറുപേര്‍ ദാരുണമായി മരിച്ചത് ജില്ല ഞെട്ടലോടെയാണ് കേട്ടത്. സംഘാടകരുടെ കുറ്റകരമായ അനാസ്ഥ മൂലമുണ്ടായ അപകടത്തില്‍ 154 പേര്‍ക്കാണ് പൊള്ളലേറ്റത്. രാജപുരത്ത് കല്യാണത്തില്‍ പങ്കെടുത്ത് മടങ്ങവെ കോട്ടയം സ്വദേശികളായ മൂന്നു വീട്ടമ്മമാര്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തട്ടിമരിച്ചതും നൊമ്പരമായി. കുവൈറ്റില്‍ കെട്ടിടത്തിന് തീപിടിച്ച് മരിച്ചതിലും രണ്ടു കാസര്ഗോട്ടുകാരുണ്ടായിരുന്നു. അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും റോഡുകളുടെ ശോചനീയാവസ്ഥയും മൂലം ഇത്തവണ റോഡപകടങ്ങളില്‍ മരിച്ചത് 160ഓളം പേരാണ്. അവധിക്കാലത്ത് പുഴയിലും വെള്ളക്കെട്ടിലും മുങ്ങിമരിക്കുന്നതും കുട്ടികളുടെ എണ്ണവും ഈ വര്‍ഷം വര്‍ധിച്ചു.
വീണ്ടും ഉണ്ണിത്താന്
ലോക്സഭ തെരഞ്ഞെടുപ്പില്‍ തന്റെ ഭൂരിപക്ഷം ഒരുലക്ഷം കടത്തി അത്യുഗ്രന്‍ ജയം കരസ്ഥമാക്കി രാജ്മോഹന്‍ ഉണ്ണിത്താന്. എകെജിയ്ക്കും പി. കരുണാകരനും മാത്രമാണ് ഇതിനു മുമ്പ് ഭൂരിപക്ഷം ഒരുലക്ഷം കടത്താന്‍ കഴിഞ്ഞത്. തുടര്‍ച്ചയായി രണ്ടുവട്ടം ജയിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്ന രാമചന്ദ്രന് കടന്നപ്പള്ളിയുടെ റിക്കാര്‍ഡിനൊപ്പമെത്താനും ഉണ്ണിത്താന് കഴിഞ്ഞു. സിപിഎം ശക്തികേന്ദ്രങ്ങളിലെ വോട്ടുകള്‍ വലിയതോതില്‍ ബിജെപിയിലേക്ക് പോകുന്ന പ്രതിഭാസത്തിനും ഇതാദ്യമായി ഈ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു.
വിവാദങ്ങള്‍,
സാമ്പത്തിക
തട്ടിപ്പുകള്‍
കല്യോട്ട് ഇരട്ടക്കൊലപാതക കേസില്‍ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന് അടക്കം 14 പ്രതികള്‍ കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തിയ കേസ് അതിന്റെ തുടക്കം മുതല്‍ തന്നെ അട്ടിമറിക്കാന്‍ ശ്രമിച്ച പിണറായി സര്‍ക്കാരിനുള്ള തിരിച്ചടിയായി. കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരചടങ്ങില്‍ പങ്കെടുത്ത പെരിയയിലെ നാലു കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയതും ഏറെ വാര്‍ത്താപ്രാധാന്യം നേടി. റിയാസ് മൗലവി വധക്കേസിലും മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലും പ്രതികള്‍ പോലീസിന്റേയും പ്രോസിക്യൂഷന്റേയും നിരുത്തരവാദപരമായ സമീപനം കൊണ്ട് രക്ഷപെട്ടപ്പോള്‍ നടന്നത് സിപിഎം-ആര്‍എസ്എസ് ഡീല്‍ ആണെന്ന ശക്തമായ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
മുന്‍ ഡിവൈഎഫ്ഐ നേതാവും അധ്യാപികയുമായ സചിത റൈ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 20 പേരില്‍ നിന്നായി 15 കോടിയോളം രൂപ തട്ടിയെടുത്ത സംഭവം വിവാദമായി. കാറഡുക്ക അഗ്രികള്‍ച്ചര്‍ വെല്‍ഫയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ സെക്രട്ടറിയും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗവുമായ കെ.രതീശന് 4.75 കോടി രൂപ തട്ടിയെടുത്ത സംഭവം സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി. മധൂര്‍ പഞ്ചായത്തില്‍ വോട്ടര്‍പട്ടികയുടെ ഫോട്ടോസ്റ്റാറ്റ് എടുത്തവകയില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവം ബിജെപിയില്‍ കോളിളക്കമുണ്ടാക്കി. ബേഡകം എസ്ഐ കെ.വിജയന്റെ ആത്മഹത്യയും ഏറെ വിവാദമായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് വേളയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നല്കിയ വ്യാജപരാതിയില്‍ കേസെടുക്കാന്‍ തയാറാകാത്തതിനെതുടര്ന്നുണ്ടായ സമ്മര്‍ദ്ദമാണ് എസ്ഐയുടെ ജീവനൊടുക്കാന്‍ കാരണമെന്ന ആരോപണം ശക്തമായിരുന്നു.
പോലീസിന് ബിഗ് സല്യൂട്ട്
പള്ളിക്കര ഗഫൂര്‍ ഹാജി വധക്കേസ്, കാഞ്ഞങ്ങാട് വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം, ഉപ്പളയിലെ 50 ലക്ഷത്തിന്റെ എടിഎം കവര്‍ച്ച, അമ്പലത്തറയിലെ വീട്ടില്‍ കോടികളുടെ കള്ളനോട്ട് പിടികൂടിയ സംഭവം തുടങ്ങിയ പ്രമാദമായ എല്ലാ കേസുകളിലും കാലതാമസം കൂടാതെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത് പോലീസിന് ഏറെ അഭിമാനകരമായ നേട്ടമായി.
മലയോരത്തിന്റെ
മനസുനിറച്ച്
ദിവ്യകാരുണ്യ
വര്‍ഷം
മലബാറിന്റെ കുടിയേറ്റമേഖലയില്‍ വിശ്വാസത്തിന്റെ വേരുകള്‍ എത്രത്തോളം ആഴത്തിലാണ് പതിഞ്ഞിട്ടുള്ളതെന്ന് ഒരിക്കല്‍കൂടി ബോധ്യപ്പെടുത്തുന്നതായിരുന്നു തോമാപുരത്തു നടന്ന തലശേരി അതിരൂപതയുടെ പ്രഥമ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ സംഘാടനവും ജനപങ്കാളിത്തവും. 1964 ല്‍ മുംബൈയില്‍ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിനു ശേഷം സീറോ മലബാര്‍ സഭയ്ക്കു കീഴില്‍ ഇത്രയും വിപുലമായ രീതിയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് സംഘടിപ്പിച്ചത് ആദ്യമായിട്ടാണ്. അതിനു വേദിയാകാന്‍ അതിരൂപതയുടെ പരിധിയില്‍ താരതമ്യേന വലിയ നഗരങ്ങളുണ്ടായിട്ടും തോമാപുരത്തെ തെരഞ്ഞെടുത്തത് കുടിയേറ്റ ജനതയ്ക്കുള്ള അംഗീകാരമായിരുന്നു. സംഘാടകരുടെ പ്രതീക്ഷകളെ കവച്ചുവയ്ക്കുന്ന തരത്തില്‍ ആദ്യദിനം മുതല്‍ ഒഴുകിയെത്തിയ ജനസഞ്ചയം ആ വിശ്വാസത്തിന് അടിവരയിടുകയായിരുന്നു.
അഭിമാന നേട്ടങ്ങള്‍
കാസര്‍ഗോഡ് ജില്ലയുടെ ആദ്യ പത്മശ്രീ ജേതാവായി ബെള്ളൂരിലെ നെല്ക്കര്ഷകന് സത്യനാരായണ ബലേരി മാറി. 650ലേറെ നാടന്‍ നെല്‍വിത്തുകളുടെ സംരക്ഷകനാണ് സത്യനാരായണ.
കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍പെട്ട ലോറി ഡ്രൈവര്‍ അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തിന് മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ച മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷ്റഫിന്റെ പ്രവര്‍ത്തനം പരക്കെ അംഗീകാരം നേടി. കന്നഡ നന്നായി അറിയാവുന്ന അഷ്റഫ് ആയിരുന്നു കേരളവും കര്‍ണാടകവും തമ്മിലുള്ള പാലമായി പ്രവര്‍ത്തിച്ചത്.
സംസ്ഥാന സീനിയര്‍ വനിത ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി കിരീടം ചൂടിയ കാസര്‍ഗോഡിന്റെ പെണ്‍പട ജില്ലയുടെ കായികമേഖലയ്ക്കു തന്നെ പുതിയൊരു നാഴികക്കല്ലാണ് തീര്‍ത്തത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 714-ാം റാങ്ക് നേടിയ ഉദുമ സ്വദേശി രാഹുല്‍ രാഘവന്, 791-ാം റാങ്ക് നേടിയ ഒടയംചാല്‍ സ്വദേശിനി അനുഷ ആര്. ചന്ദ്രന് എന്നിവരുടെ നേട്ടം ജില്ലയ്ക്ക് അഭിമാനമായി.സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ആറു സ്വര്‍ണവും രണ്ടുവീതം വെള്ളിയും വെങ്കലവും നേടിയ കാസര്‍ഗോഡ് അത്ലറ്റിക്സ് വിഭാഗത്തില്‍ ഏഴാംസ്ഥാനം നേടി. സ്കൂളുകളില്‍ നാലാംസ്ഥാനം നേടിയ കുട്ടമത്ത് ജിഎച്ച്എസ്എസിന്റെ പ്രകടനവും എടുത്തുപറയേണ്ടതാണ്.
എആര്‍എം എന്ന സിനിമ നൂറുകോടി ക്ലബില്‍ പ്രവേശിച്ചപ്പോള്‍ അതു കാസര്‍ഗോഡിനും അഭിമാനനേട്ടമായി. തുളുനാടന്‍ മിത്ത് അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയത് നീലേശ്വരം സ്വദേശി സുജിത് നമ്പ്യാര്‍ ആണ്. കൊന്നക്കാട് സ്വദേശിനി ആദിത്യ ബേബി ആദ്യമായി സംവിധാനം ചെയ്ത കാമദേവന് നക്ഷത്രം കണ്ടു എന്ന സിനിമ കേരള രാജ്യാന്തരചലച്ചിത്രമേളയിലെ മലയാളസിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത് മലയോരത്തിന് ഏറെ അഭിമാനമായി. അണ്ടര്‍-23 ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ പനയാല്‍ കുന്നൂച്ചി സ്വദേശി പി.വി.വിഷ്ണു ഇടംനേടി.
വേര്‍പാടുകള്‍
കേരളത്തിലെ ആദ്യ വനിത ആംബുലന്‍സ് ഡ്രൈവറും ഹെവി ഡ്രൈവിംഗ് ലൈസന്‍സ് നേടിയ ആദ്യ മലയാളി വനിതയുമായ സിസ്റ്റര്‍ ഫ്രാന്‍സിസ് ഡിഎസ്എസ്, മുന്‍ എംഎല്‍എയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ.പി.കുഞ്ഞിക്കണ്ണന്, ഡിസിസി ജനറല്‍ സെക്രട്ടറി വിനോദ്കുമാര്‍ പള്ളയില്‍വീട്, കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഏബ്രഹാം തോണക്കര, മലവേട്ടുവ മഹാസഭ സ്ഥാപകന്‍ എം. ഭാസ്കരന് പട്ളം, വനിത ലീഗ് സംസ്ഥാന ട്രഷറര്‍ പി.പി.നസീമ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനും ആക്ടിവിസ്റ്റും സിനിമാപ്രവര്ത്തകനുമായി നിസാം റാവുത്തര്‍, സിനിമ-നാടകനടന്‍ ടി.പി.കുഞ്ഞിക്കണ്ണന്, സാഹിത്യകാരന് പി.കെ. ഗോപി, യുവ സിപിഎം നേതാവ് പി.വി. പ്രശാന്ത്കുമാര്‍ എന്നിവരുടെ വേര്‍പാട് ജില്ലയ്ക്കു നൊമ്പരമായി.