കിണർ വെള്ളം മോശമായത് ഫാമിലെ മാലിന്യം കാരണമല്ലെന്ന്
1491371
Tuesday, December 31, 2024 7:28 AM IST
ഇരിട്ടി: പായം പഞ്ചായത്തിലെ അളപ്രയിൽ കോടതി ഉത്തരവോടെ പ്രവർത്തിച്ചുവരുന്ന പന്നിഫാമിനെതിരേ പരിസ്ഥിതി മലിനീകരണത്തിന്റെ പേരിൽ നടന്നുവരുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനാ റിപ്പോർട്ട്. പന്നി ഫാം പ്രവർത്തിക്കു ന്നതുകൊണ്ട് സമീപത്തെ കിണറുകൾ മലിനമാകുന്നു എന്നാരോപിച്ച് പ്രദേശവാസികൾ ഉൾപ്പെടെ കഴിഞ്ഞ ദിവസം ഫാമിനെതിരേ സമരം നടത്തിയത് പോലീസ് തടഞ്ഞിരുന്നു.
മലിനീകരണ നിയന്ത്രണ ബോഡിന്റെ നിർദേശങ്ങൾക്കനുനുസരിച്ച് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഫാം പ്രവർത്തിക്കുന്നതെന്നുമാണ് പരിശോധന റിപ്പോർട്ടിലുള്ളത് . പരാതിക്കാരുടെ കിണറുകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു നടത്തിയ പരിശോധനയിൽ ഒരു കിണറിലെ വെള്ളം മാത്രമാണ് മലിനമായി കണ്ടെത്തിയത്. മലിനമായി കണ്ടെത്തിയ കിണറിലെ വെള്ളത്തിൽ മൃഗങ്ങ ളുടെ വിസർജ്യത്തിന്റെ ലക്ഷണം ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല .
മറിച്ച് മനുഷ്യ വിസർജ്യത്തിന്റെ മാലിന്യമാണ് കിണറിലെ വെള്ളം മലിനമാകാൻ കാരണമെന്ന സംശയമാണ് റിപ്പോർട്ടിലുള്ളത്. ഫാം ഉടമയുടെയും സമീപത്തെ മറ്റ് മൂന്നു വീടുകളിലെ കിണർ , നീരരുവി എന്നിവിടങ്ങളിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അവയിൽ ഒരു കിണറിൽ ഒഴിച്ച് മറ്റ് കിണറുകളിൽ ഒന്നിലും മാലിന്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പരിശോധനയിൽ ലഭിച്ച അനുപാതത്തിന്റെ അടിസ്ഥാനത്തിൽ കിണറിലെ വെള്ളം മലിനമാകുന്നത് പന്നിഫാമിലെ വിസർജ്യം ആണെന്ന് സ്ഥിരീകരിക്കാൻ കഴിയില്ലെന്നാണ് ബോർഡിന്റെ വിശദീകരണം. ഒക്ടോബർ , നവംബർ മാസങ്ങളിൽ മൂന്ന് തവണകളിലായി ശേഖരിച്ച സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.