സമ്പൂർണ ഹൈടെക് വിദ്യാലയമായി ചാമക്കാൽ ഗവ. എൽപി സ്കൂൾ
1491556
Wednesday, January 1, 2025 5:30 AM IST
പയ്യാവൂർ: ചാമക്കാൽ ഗവ. എൽപി സ്കൂൾ സമ്പൂർണ ഹൈടെക് വിദ്യാലയമായി. സജീവ് ജോസഫ് എംഎൽഎ നടപ്പാക്കിയ ഭാഷാമൃതം പദ്ധതിയിൽ മികച്ച വിദ്യാലയത്തിന് ലഭിച്ച സമ്മാനത്തുക ഉപയോഗിച്ചാണ് കംപ്യൂട്ടറും അനുബന്ധ സാമഗ്രികളും ഒരുക്കിയത്. മുഴുവൻ ക്ലാസുകളും ഹാളും ഹൈടെക് സാങ്കേതികാധിഷ്ഠിത പഠനത്തിനായി പൂർണസജ്ജമായി. പ്രീപ്രൈമറിയിൽ വർണക്കൂടാരം, ഗതാഗത നിയമങ്ങളുടെ കുട്ടിക്കവല, ഭാഷാ പ്രാവീണ്യത്തിന്ന് അലക്സ തുടങ്ങി നിരവധി പുത്തൻ ആശയങ്ങൾ നടപ്പാക്കുന്ന വിദ്യാലയത്തെ കൂടുതൽ മികവിലേക്കുയർത്താൻ സഹായകരമാണ് ഇപ്പോൾ സജ്ജമായിട്ടുള്ള ഹൈടെക് സംവിധാനങ്ങൾ. സമ്പൂർണ ഹൈടെക് വിദ്യാലയ പ്രഖ്യാപനവും സാമൂഹ്യ വനവത്കരണ വിഭാഗം ഒരുക്കിയ ചുമർചിത്രങ്ങളുടെ പ്രകാശനവും വിജയോത്സവം ഉദ്ഘാടനവും സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു.
പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ ഇ.പി. ജയപ്രകാശ് ആമുഖ പ്രഭാഷണം നടത്തി. കലോത്സവ വിജയികളെ കെ.ആർ. മോഹനൻ, പ്രഭാവതി മോഹനൻ എന്നിവരും ശാസ്ത്രോത്സവ വിജയികളെ ടി.വി.ഒ. സുനിൽ കുമാറും അനുമോദിച്ചു. കെ.ജി. ഷിബു, ടി.ഒ. നിമിഷ, സൗമ്യ ദിനേശ്, കെ.പി. കുമാരൻ, എം.ആർ. ഹരി, കെ.എ. ആൻസി, ടി.വി. ദീപ എന്നിവർ പ്രസംഗിച്ചു.