കാട്ടുപന്നി കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് അച്ഛനും മകനും ഗുരുതരം
1491732
Thursday, January 2, 2025 12:14 AM IST
ഇരിട്ടി: ആറളം ഫാമിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികരായ അച്ഛനും മകനും ഗുരുതരമായി പരിക്കേറ്റു. ഫാമിലെ ടാപ്പിംഗ് തൊഴിലാളി പാലരഞ്ഞാലിലെ തെക്കേടത്ത് അലക്സിനും മകൻ ജിനുവിനുമാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 6.30 ന് ആറളം ഫാം ആറാം ബ്ലോക്ക് ചെക്ക്പോസ്റ്റിന് സമീപത്തായിരുന്നു അപകടം.
അലക്സിനെ ടാപ്പിംഗ് ജോലിക്കായി കൊണ്ടുവന്നു വിടാൻ എത്തിയതായിരുന്നു ജിനു. പന്നി ബൈക്കിന് മുന്നിൽ ചാടിയതോടെ നിയന്ത്രണം നഷ്ടപെട്ട മറിഞ്ഞ ബൈക്കിൽ നിന്നും രണ്ടുപേരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു . അപകടത്തിൽ ജിനുവിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കുപറ്റിയത് . ഉടൻ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ആറളം ഫാമിലൂടെ
പട്ടാപ്പകലും ഭീതിയാത്ര
കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ഭീതികാരണം ആറളം ഫാമിലൂടെയുള്ള യാത്ര ആളുകളെ ഭയപ്പെടുത്തുന്നു. നേരത്തെ വൈകുന്നേരമായാൽ മാത്രമേ കാട്ടുമൃഗശല്യം ഉണ്ടാകാറുള്ളൂവെങ്കിൽ ഇപ്പോൾ പട്ടാപ്പകലും ഫാമിലെ റോഡുകളിൽ വന്യമൃഗശല്യം രൂക്ഷമാണ്. പേരാവൂർ.
കേളകം ഭാഗത്തുനിന്ന് എളുപ്പത്തിൽ കീഴ്പള്ളി ഭാഗത്തേക്ക് എത്താൻ കഴിയുന്ന വഴിയായതുകൊണ്ട് നിരവധി പേരാണ് ഫാമിലൂടെ പകലും രാത്രിയിലും വന്യമൃഗഭീതിയിൽ യാത്ര ചെയ്യേണ്ടി വരുന്നത്. കൂടാതെ പുനരധിവാസ മേഖലയിലെ 1500 ൽ അധികം വരുന്ന കുടുംബങ്ങളും ഇതുവഴി സഞ്ചരിക്കുന്നത് ജീവൻ പണയംവച്ചാണ്. രാത്രി വൈകി ആശുപത്രിയിൽ നിന്നും ജോലി സ്ഥലത്തുനിന്നും തിരിച്ചെത്തുന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന പുനരധിവാസ മേഖലയിലെ താമസക്കാരെ വീടുകളിൽ എത്തിക്കുന്നത് വനം വകുപ്പും ആർആർ ടിയും ചേർന്നാണ് .
രണ്ടു ദിവസം മുന്പ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവർ കാട്ടാനയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇവരെ ആർആർടി സംഘമെത്തിയാണ് സുരക്ഷിതമായി വെളിയിൽ എത്തിച്ചത്.
ആറുമാസം മുന്പ് ആന ആക്രമിച്ച് പരിക്കേൽപ്പിച്ച ബ്ലോക്ക് 12 ലെ വിഷ്ണു എന്ന യുവാവ് ഇന്നും ചികിത്സയിലാണ്. ഇഴഞ്ഞു നീങ്ങുന്ന ആനമതിൽ നിർമാണം വേഗത്തിലാക്കി ഫാമിൽ തമ്പടിച്ച വന്യമൃഗങ്ങളെ വനത്തിലേക്ക് തുരത്തി ജനങ്ങളുടെ ജീവന് സുരക്ഷാ ഒരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം .