കൂർഗ് ടിസിബി റോഡിൽ യാത്രക്കാർക്ക് ഭീഷണിയായി റോഡരികിലെ കാടുകൾ
1491557
Wednesday, January 1, 2025 5:30 AM IST
ആലക്കോട്: തളിപ്പറമ്പ്- മണക്കടവ് - കൂർഗ് ടിസിബി റോഡിന്റെ ഇരുവശങ്ങളിലും കാടുകൾ വളർന്നു നിൽക്കുന്നത് വാഹനാപകടങ്ങൾക്ക് കാരണമാകുന്നു. ആറ് മാസത്തിനുള്ളിൽ നിരവധി അപകടങ്ങളാണ് ഈ മേഖലകളിൽ നടന്നിട്ടുള്ളത്.
ഒടുവള്ളി മുതൽ മണക്കടവ്- കുടക് വരെയുള്ള 30 കിലോമീറ്റർ റോഡിന്റെ ഇരു വശങ്ങളിലുമാണ് കാഴ്ചയെ മറച്ച് റോഡിലേക്ക് കാടുകളും മരച്ചില്ലകളും നിൽക്കുന്നത്. കാർത്തികപുരം മുതൽ കുടക് വരെയുള്ള പ്രദേശങ്ങളിലാണ് കാടുകൾ കൂടുതലും. ദിവസേന നൂറ് കണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരുമാണ് ഇതുവഴി സഞ്ചരിക്കുന്നത്.
കാൽനടയാത്രക്കാർ സഞ്ചരിക്കുന്നതിന് വരയിട്ടിരിക്കുന്ന റോഡിന്റെ അരിക്ക് വശങ്ങളിൽ ഒരു മീറ്ററോളം ഉയരത്തിൽ കാടുവളർന്ന് നില്ക്കുന്നത് നടപ്പ് ദുഷ്ക്കരമാക്കുന്നു.
2013 ൽ റോഡ് ഊരാളുങ്കൽ കമ്പനിയുടെ നേതൃത്വത്തിൽ പുതുക്കി പണിതതിന് ശേഷം ഇതുവരെയും കാടുകൾ നീക്കം ചെയ്യാത്ത പ്രദേശങ്ങൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.