കാക്കനാടൻ അനുസ്മരണം മകൾ രാധ കാക്കനാടൻ ഉദ്ഘാടനം ചെയ്യും
1492019
Friday, January 3, 2025 1:00 AM IST
ചെമ്പേരി: ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെ നടത്തുന്ന ചെമ്പേരി മേള "ഒറോത കാർഷിക ഫെസ്റ്റി'ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രമുഖ നോവലിസ്റ്റ് കാക്കനാടൻ അനുസ്മരണവും സാഹിത്യസദസും കാക്കനാടന്റെ മകൾ രാധ കാക്കനാടൻ ഉദ്ഘാടനം ചെയ്യും.
മലബാറിലേക്ക് കുടിയേറിയ കർഷകരുടെ ജിവിതം പ്രമേയമാക്കി എഴുത്തുകാരൻ ജോർജ് വർഗീസ് കാക്കനാടൻ രചിച്ച "ഒറോത' എന്ന നോവലിന്റെ പശ്ചാത്തലം മലയോര ഗ്രാമമായ ചെമ്പേരിയാണ്. കാക്കനാടൻ മുമ്പ് പല തവണ ചെമ്പേരി സന്ദർശിച്ചിട്ടുണ്ടെങ്കിലും ഒറോതയുടെ രചന നിർവഹിച്ച കാലത്ത് ഏറെ നാളുകൾ അദ്ദേഹം ചെമ്പേരിയിലുണ്ടായിരുന്നതിനാൽ ഇവിടെയുള്ള നാട്ടുകാർക്ക് ഒരുനാളും മായാത്ത ഓർമയാണദ്ദേഹം. സംസ്ഥാന അവാർഡ് നേടിയ നോവലിന്റെയും നായികയുടെയും പേര് തന്നെ ചെമ്പേരിയിൽ ആദ്യമായി നടത്തുന്ന മഹാമേളക്ക് നൽകിയത് അദ്ദേഹത്തിനുള്ള ആദരവിന്റെ ഭാഗമായാണ്.
ഒറോത കാർഷിക, വിദ്യാഭ്യാസ പ്രദർശനമേളയുടെ പ്രോഗ്രാം കമ്മിറ്റിയുടെയും കൾച്ചറൽ ഫെസ്റ്റ് കമ്മിറ്റിയുടെയും സംയുക്ത യോഗം വൈഎംസിഎ ഹാളിൽ ചേർന്നു.
പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ പൗളിൻ തോമസ് അധ്യക്ഷത വഹിച്ചു. കൾച്ചറൽ ഫെസ്റ്റ് കമ്മിറ്റി ചെയർമാൻ പ്രഫ.വാസുദേവൻ നായർ, വൈഎംസിഎ പ്രസിഡന്റ് ജോമി ജോസ് ചാലിൽ, ഫെസ്റ്റ് ജനറൽ കൺവീനർ ഷാജി വർഗീസ് , പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോസ് മേമടം, കൾച്ചറൽ ഫെസ്റ്റ് കമ്മിറ്റി കൺവീനർ ഷൈബി കുഴിവേലിപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.