ക്രിസ്മസ് ട്രീയിൽ കൂടുകെട്ടാൻ എല്ലാ വർഷവും ബുൾ ബുൾ പക്ഷികൾ ഇവിടെയെത്തും
1491552
Wednesday, January 1, 2025 5:30 AM IST
ചെറുപുഴ: ക്രിസ്മസ് ട്രീയിൽ കൂടുകെട്ടാൻ എല്ലാ വർഷവും ബുൾ ബുൾ പക്ഷികൾ ഇവിടെയെത്തും. നാലുവർഷമായി മുടങ്ങാതെ ഇവ കൂടുകെട്ടി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ച് പോകും. ചിറ്റാരിക്കാൽ ഗോക്കടവിലെ മണ്ഡപത്തിൽ റോഷന്റെ വീട്ടിലാണ് എല്ലാവർഷവും കൂടുകെട്ടാൻ ബുൾ ബുൾ പക്ഷികളെത്തുന്നത്.
എല്ലാവർഷവും പക്ഷികൾ ഇവിടെയെത്തുന്നത് അദ്ഭുതകരവും ഏറെ സന്തോഷപ്രദവുമാണെന്ന് റോഷനും കുടുംബവും പറയുന്നു. നാലു വർഷം മുന്പാണ് ആദ്യമായി പക്ഷികൾ റോഷൻ ഒരുക്കിയ ക്രിസ്മസ് ട്രീയിൽ കൂടുകെട്ടാൻ എത്തിയത്. അന്ന് മുട്ടയിട്ട് അടയിരുന്ന് കുഞ്ഞുങ്ങളുമായാണ് ഇവ പോയത്. രണ്ടാം വർഷവും അതേ സമയത്ത് പക്ഷികൾ എത്തി. മൂന്നാം വർഷവും കൃത്യസമയത്തു തന്നെ പക്ഷികളെത്തി കൂടുകെട്ടി.
ഇത്തവണ തുടർച്ചയായ നാലാം വർഷമാണ് പക്ഷികളെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം മൂന്ന് മുട്ടകൾ ഉണ്ടായിരുന്നുവെന്ന് റോഷന്റെ മകൾ റോഷിയ പറഞ്ഞു.
ഈ വർഷം രണ്ട് മുട്ടകളാണുള്ളത്. റോഷന്റെ ഭാര്യ പ്രിൻസി അടുത്തു ചെന്നാലൊന്നും പക്ഷികൾ കൂട്ടിൽനിന്നും പറന്നുപോകില്ല. ഇവയ്ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാകാതിരിക്കാൻ കുടുംബാംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു.
പക്ഷികൾക്ക് ശല്യമുണ്ടാകാത്ത വിധമാണ് റോഷന്റെയും കുടുംബത്തിന്റെയും ക്രിസ്മസ് ആഘോഷം പോലും. മുട്ടയിട്ട് അടയിരിക്കുകയാണിപ്പോൾ പക്ഷികൾ. പെൺകിളിക്ക് കൂട്ടായി ആൺകിളി എപ്പോഴും അടുത്തുതന്നെയുണ്ടാകും. കുഞ്ഞുങ്ങൾ പറന്നുപോകുന്നതുവരെ ഇവർ തങ്ങളുടെ കുടുംബാംഗങ്ങളാണെന്നാണ് റോഷന്റെ മകൻ റെയിസ് റോഷൻ പറയുന്നത്.