ഫാം കാർണിവലിൽ കാണാം, വെറൈറ്റി തേങ്ങകൾ
1492017
Friday, January 3, 2025 1:00 AM IST
പിലിക്കോട്: കുലച്ചിലില്ലാതെ തടിയിൽ കായ്ക്കുന്ന സ്പൈകേറ്റ മുതൽ ഏറ്റവും വലുപ്പമേറിയ സാന്റമണും കേരസാഗരയും വരെയുള്ള തേങ്ങകളുടെ പ്രദർശനം പിലിക്കോട് ഉത്തരമേഖല കാർഷികഗവേഷണ കേന്ദ്രത്തിൽ നടന്നു വരുന്ന ഫാം കാർണിവലിൽ ജനശ്രദ്ധയാകർഷിക്കുന്നു.
വിദേശത്തു നിന്നും വിവിധ ദ്വീപുകളിൽ നിന്നുമുള്ള ഇനങ്ങളും പിലിക്കോട് കേന്ദ്രം വികസിപ്പിച്ചെടുത്തവയും ഉൾപ്പെടെ പ്രദർശനത്തിലുണ്ട്. തെങ്ങ് ഗവേഷണത്തിൽ ലോകശ്രദ്ധ നേടിയ പിലിക്കോട് ഉത്തര മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആരംഭിച്ച ഫാം കാർണിവലിൽ ഫാം ഓഫീസ് ബ്ലോക്കിനോട് ചേർന്നാണ് തേങ്ങകളുടെ പ്രദർശനം ഒരുക്കിയിട്ടുള്ളത്. ചാവക്കാട് ഓറഞ്ച്, മഞ്ഞ, മലയൻ ഓറഞ്ച്, മഞ്ഞ, ബസന്ത, മൈസൂർ തുടങ്ങി 25 ഓളം ഇനങ്ങളുണ്ട് പ്രദർശനത്തിൽ.
നീളം കൂടിയ ഗ്വാം ഇനം തേങ്ങ വിദേശ ദ്വീപ് ഇനമാണ്. ഫിലിപ്പൈൻസ്, കൊച്ചിൻ ചൈന, ജാവ, ബെൻസാ ഹൈബ്രിഡ് എന്നിവക്കൊപ്പം പിലിക്കോട് കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത കേരസൗഭാഗ്യ, കേരശ്രീ, അനന്തഗംഗ, ലക്ഷഗംഗ തുടങ്ങിയ ഇനങ്ങളും ഫാം കാർണിവലിനെത്തുന്നവർക്ക് വേറിട്ട കാഴ്ചാനുഭവമാണ് നൽകുന്നത്. കഴിഞ്ഞവർഷം പുറത്തിറങ്ങിയ കേരസഹസ്രയും തേങ്ങകളുടെ പ്രദർശനത്തിലുണ്ട്. ഫാം കാർണിവലിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്നു രാവിലെ ഒമ്പതിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും.