മാലൂരിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ടു തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്
1491733
Thursday, January 2, 2025 12:14 AM IST
മട്ടന്നൂർ: മാലൂരിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ടു തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്. കാഞ്ഞിലേരി പറമ്പൽ സ്വദേശികളായ വിജയലക്ഷ്മി (43), പ്രീത (42 ) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് മാലൂർ പഞ്ചായത്തിലെ പൂവ്വം പൊയിലിലായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. തൂമ്പ തട്ടിയപ്പോൾ സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.
കൈക്കും മുഖത്തും നിസാര പരിക്കേറ്റവർ കൂത്തുപറന്പ് താലൂക്ക് ആശുപത്രിയിലും തലശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
വിവരമറിഞ്ഞ് പേരാവൂർ ഡിവൈഎസ്പി കെ.വി. പ്രമോദന്റെ നേതൃത്വത്തിൽ മാലൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരിൽ നിന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പന്നിപ്പടക്കം പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.