ആദ്യ സിനിമ തന്നെ രാജ്യന്തരമേളയിലേക്ക്; മലയോരത്തിന് അഭിമാനമായി ആദിത്യ
1486417
Thursday, December 12, 2024 3:32 AM IST
ഡാജി ഓടയ്ക്കൽ
കൊന്നക്കാട് (കാസർഗോഡ്): പലയിടങ്ങളിലായിരുന്ന 15 കൂട്ടുകാർ വീണ്ടും ഒന്നിച്ച് മൊബൈൽ ഫോണിൽ ഒരു സിനിമ ചിത്രീകരിച്ചു. സിനിമാ വിദ്യാർഥിനിയായ പെൺകുട്ടി സംവിധായകയായി. ഐ ഫോൺ 14 പ്രോ ഉപയോഗിച്ച് ചിത്രീകരിച്ച ഒന്നര മണിക്കൂർ ദൈർഘ്യമുള്ള സിനിമ തിരുവനന്തപുരത്ത് നാളെ തുടങ്ങുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് (ഐഎഫ്എഫ്കെ) തെരഞ്ഞെടുക്കപ്പെട്ടു. കൊന്നക്കാട് സ്വദേശി ആദിത്യ ബേബി കഥയെഴുതി സംവിധാനം ചെയ്യുന്ന കാമദേവൻ നക്ഷത്രം കണ്ടു എന്ന സിനിമ "മലയാള സിനിമ ഇന്ന്'എന്ന വിഭാഗത്തിലാണ് പ്രദർശിപ്പിക്കുക.
വി. ശരത് കുമാർ ആണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. കാമറ ന്യൂട്ടനും എഡിറ്റിംഗ് ഗൗതം മോഹൻദാസും ഓഡിയോഗ്രഫി കെ. ജനീഷും നിർവഹിച്ചു. 12 അഭിനേതാക്കളിൽ അഞ്ചുപേർ സ്ത്രീകളാണ്. 1.7 ലക്ഷം മുതൽമുടക്കിൽ ഒരുക്കിയ സിനിമയുടെ നിർമാതാക്കൾ തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് പഠിച്ചിറങ്ങിയ അതുൽ സിംഗും ന്യൂട്ടൺ തമിഴരശനുമാണ്. പോണ്ടിച്ചേരി സർവകലാശാലയിൽ പെർഫോമൻസ് ആർട്സിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് ആദിത്യ. മുന്പ് നീലമുടി എന്ന ചിത്രത്തിൽ നായികയായും വേഷമിട്ടിട്ടുണ്ട്.
വ്യാപാരി വ്യവസായി ഏകോപന സമിതി കൊന്നക്കാട് യൂണിറ്റ് പ്രസിഡന്റ് അമ്പഴത്തിനാൽ ബേബിയുടെയും ടിഎസ്എസ്എസ് പ്രോഗ്രാം ഓഫീസർ ബീനയുടെയും മകളാണ്.
വള്ളിക്കടവ് സെന്റ് സാവിയോ സ്കൂളിലും വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ് ളിലെയും പഠനത്തിനു ശേഷം തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദപഠനം പൂർത്തിയാക്കി. ദീപിക ബാലസഖ്യത്തിന്റെ വേദികളിൽ നിറസാന്നിധ്യമായിരുന്നു. ഏക സഹോദരൻ ആദർശ് പിജി വിദ്യാർഥിയാണ്.