കാനന ദൃശ്യങ്ങൾ ചുമരിൽ പകർത്തി ചാമക്കാൽ സ്കൂൾ
1486406
Thursday, December 12, 2024 3:32 AM IST
പയ്യാവൂർ: സാമൂഹിക വനവത്കരണ വകുപ്പിന്റെ സഹകരണത്തോടെ ചാമക്കാൽ ഗവ. എൽപി സ്കൂളിൽ ചുമർചിത്രങ്ങളുടെ വർണക്കാഴ്ചകളൊരുക്കി. കാടും വന്യമൃഗങ്ങളും വെള്ളച്ചാട്ടവും പൂക്കളും പ്രകൃതി സംരക്ഷണ സന്ദേശങ്ങളും നിറഞ്ഞ് സ്കൂൾ ചുമരുകൾ ഏറെ ആകർഷണീയമായി.
ചിത്രകാരൻ രമേശ് മയ്യിലാണ് വനംവകുപ്പിന്റെ ആശയങ്ങൾ ദൃശ്യവത്കരിച്ചത്. വിദ്യാർഥികളുടെ ക്ലാസ് മുറിയിലെ പഠന പ്രവർത്തനങ്ങളെ സഹായിക്കുന്നതും പ്രകൃതി സ്നേഹത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകുന്നതുമാണ് ഈ ഗ്രാമീണ വിദ്യാലയത്തിലെ ദൃശ്യവത്കൃത ചുമരുകൾ.
മുൻവർഷങ്ങളിൽ വിവിധ ഏജൻസികളുടെ സഹകരണത്തോടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്കൂൾ കാമ്പസ് ആകർഷകമാക്കിയിരുന്നു.
സ്കൂളിനെ സമ്പൂർണ ഹൈടെക് വിദ്യാലയമാക്കുന്നതിന്റെ പ്രവർത്തനങ്ങളും അന്തിമ ഘട്ടത്തിലാണെന്ന് മുഖ്യാധ്യാപകൻ ഇ.പി. ജയപ്രകാശും എസ്എംസി ചെയർമാൻ കെ.ജി. ഷിബുവും പറഞ്ഞു.