ടിപ്പർ ലോറിക്കും പിക്കപ്പ് ജീപ്പിനും ഇടയിൽപ്പെട്ട് ജീപ്പ് ഡ്രൈവർ മരിച്ചു
1486306
Wednesday, December 11, 2024 10:07 PM IST
ചെറുപുഴ: പെരിങ്ങോം മടക്കാംപൊയിലിലെ ജാസ് ക്രഷറിൽ ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ പിക്കപ്പ് ജീപ്പ് ഡ്രൈവർക്ക് ദാരുണാന്ത്യം. ചെറുപുഴ പഞ്ചായത്തിലെ ചുണ്ട സാധുമുക്കിലെ കുടിയിൽവീട്ടിൽ ബലരാമൻ (69) ആണ് മരിച്ചത്. ചെറുപുഴ സ്റ്റാൻഡിലെ പിക്കപ്പ് ജീപ്പ് ഡ്രൈവറായിരുന്നു. ഇന്നലെ രാവിലെ സ്വന്തം പിക്കപ്പിൽ ക്രഷറിൽ എത്തി സാധനങ്ങൾ കയറ്റി വാഹനം മാറ്റിയിട്ടശേഷം ഗ്രീൻ നെറ്റ് ഉപയോഗിച്ച് സാധനങ്ങൾ മൂടിയിടുന്നതിനിടയിലാണ് അപകടമുണ്ടായത്.
സമീപത്തു തന്നെ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി ഡ്രൈവർ പിന്നോട്ട് എടുക്കുകയായിരുന്നു. ക്രഷറിലെ ശബ്ദം കാരണം ലോറി പിന്നിലൂടെ വരുന്നത് പിന്തിരിഞ്ഞുനിന്ന ബലരാമന്റെ ശ്രദ്ധയിൽപ്പെട്ടില്ല. ടിപ്പർ ലോറി വന്ന് ബലരാമന്റെ പിക്കപ്പിൽ ഇടിക്കുകയായിരുന്നു. ഇതിനിടയിൽപ്പെട്ടാണ് മരണം സംഭവിച്ചത്. ടിപ്പർ ലോറി ഡ്രൈവർ പിൻഭാഗം ശ്രദ്ധിക്കാതെ ലോറി തിരിക്കാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. ലോറി പിക്കപ്പിൽ ഇടിച്ചതിനുശേഷമാണ് ടിപ്പർ ഡ്രൈവർ വിവരമറിഞ്ഞത്.
ഉടൻ തന്നെ കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം പയ്യന്നൂർ സഹകരണ ആശുപത്രിയിലേക്കു മാറ്റി. ഇന്നു രാവിലെ എട്ടിന് മൃതദേഹം ചെറുപുഴയിൽ എത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 11.30 ഓടെ കോലുവള്ളി മോക്ഷതീരം ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: ലത. മക്കൾ: സുനീഷ്, സുജീഷ് (ഇരുവരും ഗൾഫ്). മരുമക്കൾ: ദീപ്തി, സ്നേഹ.