വചനം ദീപമായി തെളിഞ്ഞു; ദിവ്യകാരുണ്യ കോൺഗ്രസിന് തുടക്കമായി
1486414
Thursday, December 12, 2024 3:32 AM IST
സ്വന്തം ലേഖകൻ
ചിറ്റാരിക്കാൽ: തലശേരി അതിരൂപതയുടെ ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിന് കുടിയേറ്റ ഭൂമികയായ തോമാപുരത്ത് തിരിതെളിഞ്ഞു. തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തൊരുക്കിയ ദിവ്യകാരുണ്യ നഗറിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ദീപം തെളിച്ചു.
കുടിയേറ്റമേഖലയിലെ എല്ലാ പട്ടണങ്ങളും പരിശുദ്ധ കുർബാനയുടെ ചുറ്റുവട്ടത്തിലാണ് വളർന്നുവന്നതെന്ന് മാർ പാംപ്ലാനി പറഞ്ഞു. മലബാറിന്റെ മണ്ണിലേക്ക് കുടിയേറിവന്ന പൂർവികർ സ്വന്തം ആലയം കെട്ടിപ്പടുക്കുന്നതിനുമുമ്പ് പരിശുദ്ധ കുർബാനയ്ക്കായുള്ള ആലയം കെട്ടിപ്പടുത്തവരാണ്. അവരുടെ വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും ഈടുവയ്പുകളാണ് ഈ പ്രദേശങ്ങളിൽ ഇന്ന് നാം കാണുന്ന ഭൗതികവും ആത്മീയവുമായ വളർച്ചയെന്ന് ആർച്ച്ബിഷപ് ചൂണ്ടിക്കാട്ടി.
വൈകുന്നേരം 4.30 ന് ജപമാലയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു.
വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംത്തുരുത്തിപടവിൽ, ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, ഫാ.ഡാനിയേൽ പൂവണ്ണത്തിൽ, ദിവ്യകാരുണ്യ കോൺഗ്രസ് ജനറൽ കൺവീനർ റവ.ഡോ.മാണി മേൽവെട്ടം, റവ.ഡോ. ഫിലിപ്പ് കവിയിൽ, ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട്, റവ. ഡോ. ജോൺസൺ അന്ത്യാംകുളം, ഫാ.ജോസഫ് തൈക്കുന്നുംപുറം, ഫാ.ജോസഫ് കാക്കരമറ്റം എന്നിവർ സംബന്ധിച്ചു.
തുടർന്ന് ധ്യാനഗുരുവും വചനപ്രഘോഷകനുമായ ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിച്ച ദിവ്യകാരുണ്യ കൺവൻഷൻ നടന്നു. എംജി സർവകലാശാലയിൽനിന്ന് എംഎ ഇംഗ്ലീഷിൽ ഒന്നാം റാങ്ക് നേടി തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ പ്രഫസറായിരുന്ന ഫാ.ഡാനിയേൽ ആ സ്ഥാനം ഉപേക്ഷിച്ചാണ് വചനപ്രഘോഷകനായി മാറിയത്.
കൺവെൻഷൻ ഇന്നും നാളെയും തുടരും.
ശ്രദ്ധേയമായി ദിവ്യകാരുണ്യ എക്സിബിഷൻ
ചിറ്റാരിക്കാൽ: ദിവ്യകാരുണ്യ കോൺഗ്രസിനോടനുബനിച്ച് എംസിബിഎസ് സഭയുടെ നേതൃത്വത്തിൽ നടത്തുന്ന ദിവ്യകാരുണ്യ എക്സിബിഷൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആകർഷകമായി. ഫാ.ക്ലിന്റ് വെട്ടിക്കുഴിയിൽ എംസിബിഎസ് നേതൃത്വം നൽകുന്ന വിശുദ്ധ കുർബാനയുടെ കൂട്ടുകാർ എന്നറിയപ്പെടുന്ന സംഘടനയാണ് ദിവ്യകാരുണ്യ അദ്ഭുതങ്ങളുടെ സ്റ്റിൽ മോഡലുകൾ ഉൾക്കൊള്ളുന്ന പ്രദർശനമൊരുക്കിയത്.
നൂറോളം ദിവ്യകാരുണ്യ അദ്ഭുതങ്ങൾ ഉൾപ്പെടുത്തി വെബ്സൈറ്റ് നിർമിച്ച് 16-ാം വയസിൽ സ്വർഗസ്ഥനായി വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിൽനിന്നും പ്രചോദനമുൾക്കൊണ്ടാണ് ഫാ. ക്ലിന്റും എംസിബിഎസ് സഭയും പ്രദർശനം സംഘടിപ്പിച്ചത്. പരിശുദ്ധ കുർബാനയുടെ രഹസ്യങ്ങൾ അനാവരണം ചെയ്യുന്ന അന്ത്യ അത്താഴം, മിശിഹായുടെ കുരിശുമരണവും ഉത്ഥാനവും, വിശുദ്ധ ഗ്രന്ഥത്തിലെ ദിവ്യകാരുണ്യ പ്രതീകങ്ങൾ തുടങ്ങിയവയുടെ ലൈവ് ഷോഎന്നിവയും ശ്രദ്ധേയമായി.
പതിനായിരങ്ങൾ ഒഴുകിയെത്തി
ചിറ്റാരിക്കാൽ: മലബാറിന്റെ കുടിയേറ്റമേഖലയിൽ ആദ്യമായി നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ സംബന്ധിക്കാൻ കണ്ണൂർ, കാസർഗോഡ് ജില്ലകളിലും പുറത്തും നിന്നെത്തിയത് പതിനായിരങ്ങൾ. മലയോര മേഖലയിലെ എല്ലാ വഴികളും ഇന്നലെ അക്ഷരാർഥത്തിൽ ചിറ്റാരിക്കാലിലെ ദിവ്യകാരുണ്യ നഗറിലേക്കായിരുന്നു.
സ്വകാര്യ ബസുകളിലും സ്പെഷൽ ബസുകളിലും മറ്റു വാഹനങ്ങളിലുമായി ജനങ്ങൾ ഒഴുകിയെത്തി.
അതേസമയം ഗതാഗതക്കുരുക്കുണ്ടാകാത്ത വിധത്തിൽ വാഹനഗതാഗതവും പാർക്കിംഗും നിയന്ത്രിക്കാനും കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ ജനങ്ങൾക്ക് കുടിവെള്ളം മുതൽ ആവശ്യമുള്ളവർക്ക് താമസസൗകര്യം വരെ ഉറപ്പുവരുത്താനും സംഘാടകർക്ക് കഴിഞ്ഞു. പൊതുവേ വലിയ നഗരങ്ങളിൽ മാത്രം നടക്കുന്ന രീതിയിലുള്ള ഇത്രയും വിപുലമായൊരു പരിപാടി കൃത്യതയോടെ നടത്താൻ കഴിഞ്ഞ തോമാപുരത്തിന്റെ സംഘാടകമികവ് ആദ്യദിനം മുതൽ പ്രശംസ നേടുകയാണ്.
ദിവ്യകാരുണ്യ കോൺഗ്രസിൽ ഇന്ന്
ഇന്നു രാവിലെ 9.30നു തുടങ്ങുന്ന യുവജന സിമ്പോസിയം ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. ദൈവവിശ്വാസം എന്ന വിഷയത്തിൽ നടക്കുന്ന ആദ്യ സെഷന് ആലുവയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് റിലിജിയൻ ഡയറക്ടർ റവ.ഡോ. അഗസ്റ്റിൻ പാംപ്ലാനി, എകെസിസി ഗ്ലോബൽ ഡയരക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ, സിസ്റ്റർ അഡ്വ. ജോസിയ എസ്ഡി എന്നിവർ നേതൃത്വം നൽകും.
സമുദായം നേരിടുന്ന വെല്ലുവിളികൾഎന്ന വിഷയത്തിൽ നടക്കുന്ന രണ്ടാമത്തെ സെഷന് ഡോ. സജിമോൻ പാലക്കൽ, റവ.ഡോ.ജോസഫ് മുട്ടത്തുകുന്നേൽ, ഫാ.ജോസഫ് കാക്കരമറ്റം എന്നിവർ നേതൃത്വം നൽകും. വൈകുന്നേരം അഞ്ചിന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ദിവ്യകാരുണ്യ കൺവൻഷൻ.