സിപിഎം പുതുതലമുറ ക്രിമിനലുകളെ വളര്‍ത്തുന്നു: വി.ഡി. സതീശൻ
1486416
Thursday, December 12, 2024 3:32 AM IST
കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം അടുത്ത തലമുറയിലേക്കുള്ള ക്രിമിനലുകളെ എസ്എഫ്ഐയിലൂടെ വളര്‍ത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കണ്ണൂർ ഐടിഐയിലെയും പോളിടെക്നിക്കിലെയും യൂണിയന് ഓഫീസുകള്‍ ഇടിമുറികളാണ്. അവിടെ കെഎസ്യുക്കാരെ മാത്രമല്ല, എസ്എഫ്ഐ അല്ലാത്ത എല്ലാവരേയും ആക്രമിക്കുകയാണ്. അടിയന്തരമായി ഇവിടങ്ങ ളിൽ റെയ്ഡ് ചെയ്ത് പോലീസ് ആയുധങ്ങള്‍ പിടിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തോട്ടട ഐടിഐയിൽ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെഎസ്യു പ്രവർത്തകരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഇന്നലെ രാവിലെ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ എത്തി എന്നോട് പരാതി പറഞ്ഞ കുട്ടികളാണ് പിന്നീട് അടിയേറ്റ് ആശുപത്രിയില്‍ കിടക്കുന്നത്.
കുറെ ക്രിമിനലുകള്‍ വന്ന് അക്രമം നടത്തുമ്പോള്‍ അധ്യാപകരും അനധ്യാപകരും ഉള്‍പ്പെടെ യുള്ളവര്‍ അതിന് കൂട്ടു നില്‍ക്കുകയാണ്. അനധ്യാപക ജീവനക്കാരാണ് മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞത്. പ്രിന്‍സിപ്പല്‍ നിസംഗനായി നില്‍ക്കുകയാണ്. അദ്ദേഹത്തിന് അവിടെ വരാന്‍ പറ്റാത്ത രീതിയില്‍ പച്ചത്തെറിയാണ് വിളിക്കുന്നത്. ഒപ്പം നില്‍ക്കാത്ത അധ്യാപകരെ അശ്ലീലം പറയുകയും കൈയേറ്റം ചെയ്യുകയുമാണ്.
ഞങ്ങളുടെ കുട്ടികളെ ക്രിമിനലുകളുടെ മുന്നിലേക്ക് വലിച്ചെറിയാന്‍ തയാറല്ല. നിയമപരമായ നടപടി കള്‍ സ്വീകരിക്കണമെന്ന് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വീകരിച്ചില്ലെങ്കില്‍ അപ്പോള്‍ ആലോചിക്കാം. എന്തുവില കൊടുത്തും അതിനെ നേരിടുമെന്നും വി.ഡി. സതീശൻ പറഞ്ഞു.