കോട്ടക്കടവ് തടയണയ്ക്ക് സംരക്ഷണം നൽകണം
1486407
Thursday, December 12, 2024 3:32 AM IST
ചപ്പാരപ്പടവ്: ആലക്കോട്, ചപ്പാരപ്പടവ് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന കോട്ടക്കടവിലെ വിസിബി കം ബ്രിഡ്ജിൽ വെള്ളം കെട്ടി നിൽക്കാൻ ആവശ്യമായ സംരക്ഷണം ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇവിടുത്തെ തടയണയുടെ പലക ദ്രവിച്ചു പോയിട്ട് നാളേറെയായി. കരാറുകാരൻ ഗുണനിലവാരമില്ലാത്ത പലകകൾ കരിയോയിൽ തേച്ച് കൊണ്ടുവന്ന് സ്ഥാപിച്ചിരുന്നു.
ഇത് കുറച്ചുനാളുകൾ കൊണ്ടുതന്നെ ദ്രവിച്ചു പോയി. പിന്നീട് തടയണയിൽ വെള്ളം കെട്ടി നിൽക്കാത്ത അവസ്ഥയാണ്. അതിനാൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച തടയണ പ്രദേശവാസികൾക്ക് ഉപകാരമില്ലാത്ത നിലയിലായി.
ഒരുമാസവും കൂടി കഴിഞ്ഞാൽ ഇവിടുത്തെ വെള്ളമൊഴുക്ക് കുറയുകയും പ്രദേശം വരൾച്ചയിലേക്കു നീങ്ങുകയും ചെയ്യും. അതിനുമുമ്പായി അടിയന്തരശ്രദ്ധ ചെലുത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്. കോട്ടക്കടവ്, കുറ്റിപ്പുഴ, കരിങ്കല്ല്, മണാട്ടി, കുണ്ടിയം പ്രദേശവാസികൾ കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങുന്നതിനു മുമ്പ് തടയണയുടെ പലകകൾ പുനസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.