വാഹനാപകടങ്ങൾ തുടർക്കഥ
1484354
Wednesday, December 4, 2024 5:58 AM IST
മട്ടന്നൂർ: ആയിപ്പുഴയിൽ സ്വകാര്യ ബസും കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം ആറോടെ മരമില്ലിന് സമീപത്തെ വളവിലായിരുന്നു അപകടം. ചാലോട് നിന്നും ഇരിക്കൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും എതിരെ വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
കാറിന് പിന്നാലെ വന്ന ലോറിയും ബസിൽ ഇടിച്ചു. ലോറി ഡ്രൈവർക്കും കാർ ഡ്രൈവർക്കും ബസ് യാത്രക്കാരനുമാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ബസിലിടിച്ച കാർ ഇടിയുടെ ആഘാതത്തിൽ കുറച്ച് ദുരം പിന്നോട്ട് നീങ്ങിയാണ് നിന്നത്. അപകടത്തെ തുടർന്ന് ചാലോട് -ഇരിക്കൂർ റൂട്ടിൽ അൽപ്പ സമയം ഗതാഗതം തടസപ്പെട്ടു. മട്ടന്നൂരിൽ നിന്ന്എസ്ഐ കെ.അബ്ദുൾ നാസറിന്റെ നേതൃത്വത്തിലെത്തിയ പോലീസ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്.
കൊട്ടിയൂർ: എതിർദിശയിൽ നിന്നും വാഹനത്തെ മറികടന്ന് അമിത വേഗതയിലെത്തിയ കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബസ് വൈദ്യുത തൂണിലിടിച്ചു.അപകടത്തിൽ ആർക്കും പരിക്കില്ല. നീണ്ടു നോക്കിയിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. കൊട്ടിയൂരിൽ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന സിയാമോൾ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് ഇടയാക്കിയ കാർ നിർത്താതെ പോയി.