കണ്ണവം വനത്തിൽ കാണാതായ യുവതിയെ കണ്ടെത്താൻ ഡ്രോൺ പരിശോധന
1493732
Thursday, January 9, 2025 2:03 AM IST
കൂത്തുപറമ്പ്: കണ്ണവം വനത്തിൽ കാണാതായ യുവതിക്കായുള്ള തിരച്ചിൽ തുടരുന്നു. ഡ്രോൺ ഉപയോഗിച്ച് വനത്തിനകത്ത് തെരച്ചിൽ നടത്താൻ പ്രാവീണ്യം നേടിയ പോലീസിന്റെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പും ഡോഗ് സ്കോഡും വനപാലകരും ഉൾപ്പെടുന്ന സംഘമാണ് ഇന്നലെ രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചിരിക്കുന്നത്.
വനത്തിൽ വിറക് ശേഖരിക്കാൻ പോയ സിന്ധുവിനെ ഡിസംബർ 31 മുതലാണ് കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് കണ്ണവം പോലീസിന്റെ നേതൃത്വത്തിൽ സിന്ധുവിനായുള്ള തെരച്ചിൽ ആരംഭിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിലായി വനത്തിനകത്ത് നാട്ടുകാർ തെരച്ചിൽ നടത്തിയിരുന്നു. തുടർന്ന് വനപാലകരും കണ്ണവം പൊലീസും ഉൾപ്പെടെ സമീപ പ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും സിന്ധുവിനെ കണ്ടെത്താൻ സാധിച്ചില്ല. ശനിയാഴ്ച പാട്യം പഞ്ചായത്ത് പ്രസിഡന്റ് എൻ.വി. ഷിനിജയുടെയും കണ്ണവം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.വി. ഉമേഷിന്റെയും നേതൃത്വത്തിൽ യോഗം ചേർന്ന് സംയുക്ത തിരച്ചിൽ നടത്താൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം കണ്ണവം നഗർ, വെങ്ങളം, എളമാംഗൽ, ചെമ്പുക്കാവ് തുടങ്ങിയ ഫോറസ്റ്റ് ഏരിയകളിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ ഒരാഴ്ച പിന്നിട്ടും ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതതിനെ തുടർന്നാണ് ഇന്നലെ ഡ്രോൺ ഉപയോഗിച്ച് വനത്തിനകത്ത് തിരച്ചിൽ നടത്തിയത്. സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംപി മുഖ്യമന്ത്രിക്ക് പരാതി നൽകി.