കീഴല്ലൂരിൽ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി
1493977
Friday, January 10, 2025 1:35 AM IST
മട്ടന്നൂർ: കീഴല്ലൂർ ഭാഗങ്ങളിൽ പഴശി കനാൽ ചോർച്ചയെ തുടർന്ന് വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. വീട്ടുമുറ്റത്തൂടെ വെള്ളം കുത്തിയൊഴുകുകയാണ്. കൃഷിയിടങ്ങളിലേക്ക് ജലസേചനം നടത്തുന്നതിന് പഴശി പ്രധാന കനാലിലൂടെ കഴിഞ്ഞ ദിവസമാണ് വെള്ളം ഒഴുക്കി തുടങ്ങിയത്.
ജില്ലയിലെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന കനാലിലൂടെ വെള്ളം ഒഴുകിയെത്തുന്നതിനിടെയാണ് കീഴല്ലൂർ ടൗണിനു സമീപത്തും പാലത്തിന് സമീപത്തുള്ള കൃഷിയിടങ്ങളിലും വീടുകളിലും വെള്ളം കയറിയത്. മുറ്റത്ത് അടക്കം വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വീടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കീഴല്ലൂരിലെ രമേശൻ, വേണുഗോപാൽ, രാധ, ഷറഫുദ്ദീൻ എന്നിവരുടെ വീട്ടുമുറ്റത്ത് കൂടിയാണ് വെള്ളം ഒഴുകുന്നത്.
മട്ടന്നൂർ -അഞ്ചരക്കണ്ടി റോഡിൽ കീഴല്ലൂരിൽ റോഡിലൂടെ വെള്ളം ഒഴുകുകയാണ്. പ്രളയത്തിൽ തകർന്ന കനാലിന്റെ ചോർച്ച കോടികൾ ചെലവഴിച്ച് പരിഹരിച്ച് കഴിഞ്ഞ വർഷമാണ് വഴി ജലസേചനം നടത്തിയത്. പരീക്ഷണാടിസ്ഥാനത്തിൽ ജലസേചനം നടത്തിയതിനാൽ വിജയകരമായതോടെയാണ് കനാൽ വഴി ജലവിതരണം നടത്തിയത്. എന്നാൽ കീഴല്ലൂർ ഭാഗങ്ങളിൽ ചോർച്ചയുണ്ടാകുകയായിരുന്നു.