കാട്ടുപന്നികളോട് തോറ്റ് കൃഷിക്കാർ
1493725
Thursday, January 9, 2025 2:03 AM IST
ചെറുപുഴ: കാട്ടുപന്നിശല്യം കാരണം കൃഷി ഉപേക്ഷിക്കുകയാണെന്ന് കർഷകർ. ഒരു വിധത്തിലും കാട്ടുപന്നി ശല്യത്തിൽ നിന്നും കൃഷികളെ രക്ഷിക്കാൻ കഴിയുന്നില്ലെന്നാണ് കർഷകർ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി കല്ലറയ്ക്കൽ ജേക്കബ് 27 വാഴ നട്ടതിൽ 21 എണ്ണവും കാട്ടുപന്നികൾ നശിപ്പിച്ചു.
മഞ്ഞൾ ഒഴിച്ചുള്ള എല്ലാ കൃഷികളും കാട്ടുപന്നികൾ കുത്തി നശിപ്പിക്കുകയാണെന്ന് ജേക്കബ് പറഞ്ഞു. ഇവയുടെ ശല്യം കാരണം പച്ചക്കറി കൃഷിയ്ക്കും നെൽകൃഷിയ്ക്കും അനുയോജ്യമായ അരയേക്കർ സ്ഥലം ഇദ്ദേഹം കൃഷി ചെയ്യാതിട്ടിരിക്കുകയാണ്. പുളിങ്ങോം വൊക്കേഷ്ണൽ ഹയർ സെക്കൻഡറി സ്കൂൾ, കോഴിച്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളും മീന്തുള്ളി സെന്റ് ജോർജ് യാക്കോബായ പള്ളി യൂത്ത് അസോസിയേഷനും മൂന്നു വർഷം ഇവിടെ നെൽകൃഷി നടത്തിയിരുന്നു.
പിന്നീട് പന്നി ശല്യം രൂക്ഷമായതോടെ ഇവിടെ കൃഷി ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോൾ ജലസമൃദ്ധമായ ഏതു കൃഷിയ്ക്കും ഏറെ അനുയോജ്യമായ ഈ സ്ഥലം വെറുതെ കിടക്കുകയാണ്. ഇതു മാത്രമല്ല ഇതു പോലെ ഏക്കർ കണക്കിന് സ്ഥലമാണ് കർഷകർ കൃഷി ചെയ്യാതെ ഉപേക്ഷിച്ചിരിക്കുന്നത്. മുൻപ് കുടിയേറ്റമായിരുന്നുവെങ്കിൽ ഇപ്പോൾ കുടിയിറക്കാണ് നടകുന്നതെന്ന് കർഷകർ പറയുന്നു. കാട്ടുമൃഗ ശല്യത്തിനെതിരേ ശാശ്വതമായ പരിഹാരം കാണാൻ സർക്കാരുകൾക്ക് കഴിയുന്നില്ലെങ്കിൽ കൃഷി തന്നെ മലയോരത്തുനിന്നും ഇല്ലാതാകുമെന്നാണ് കർഷകർ പറയുന്നത്.