ഇരിക്കൂറിന്റെ മണ്ണും മനസുമറിഞ്ഞ് വിദഗ്ധസംഘം
1494300
Saturday, January 11, 2025 2:00 AM IST
നടുവിൽ: ആലക്കോട് 14 മുതൽ 16 വരെ നടക്കുന്ന അഗ്രിഫെസ്റ്റ് -25ന്റെ ഭാഗമായി ഇരിക്കൂറിലെ കർഷകരുടെ ആശങ്കകൾ ആഴത്തിൽ പഠിക്കുന്നതിനും പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമായി കൃഷിയിടങ്ങളിൽ സമഗ്രമായ പരിശോധന നടത്തി. നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന എട്ട് പഞ്ചായത്തുകളിലും ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റിയിലും പ്രശ്ന ബാധിതമായ കൃഷിയിടങ്ങളാണ് സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
45 കൃഷിയിടങ്ങളിലായി നൂറോളം പേരടങ്ങുന്ന വിദഗ്ധരാണ് സംഘത്തിലുണ്ടായിരുന്നത്. 4ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പരിധിയിലും പെടുന്ന പ്രധാനപ്പെട്ട കൃഷികളും സമ്മിശ്ര കൃഷിത്തോട്ടങ്ങളും സന്ദർശിച്ച സംഘത്തിനു മുന്നിൽ കണ്ണീരിന്റെ നനവുള്ള അനുഭവങ്ങളായിരുന്നു ഓരോ കർഷകനും പറയാനുണ്ടായിരുന്നത്. ആവശ്യത്തിന് വളവും,കീടനാശിനിയും ലഭ്യമാകുന്നില്ല, വിള നാശം,വന്യജീവികളുടെ ശല്യം, വിള സംഭരണത്തിലെ പാളിച്ചകൾ,എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത നിരവധി വിഷയങ്ങൾ ക്കുള്ളിൽ നിന്നു കൊണ്ടാണ് കൃഷി മുന്നോട്ടു കൊണ്ടു പോകുന്നതെന്ന് കർഷകർ പറ ഞ്ഞു.