ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ്: ആറു പരാതികൾ തീർപ്പാക്കി
1493981
Friday, January 10, 2025 1:35 AM IST
കണ്ണൂർ: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ. സൈഫുദ്ദീൻ കളക്ടറേറ്റ് ഓഡിറ്റിറോറിയത്തിൽ നടത്തിയ സിറ്റിംഗിൽ പരിഗണിച്ച പത്ത് പരാതികളിൽ ആറെണ്ണം തീർപ്പാക്കി. മറ്റ് പരാതികളിൻമേൽ തുടർനടപടി ഉടൻ സ്വീകരിക്കുമെന്ന് കമ്മീഷൻ പറഞ്ഞു. സിറ്റിംഗിൽ പുതിയ ഒരു പരാതി യും ലഭിച്ചു.
ആറളം വീർപ്പാട് സ്വദേശിയായ വയോധിക 2017 മുതൽ അപേക്ഷ നൽകിയിട്ടും പട്ടയം ലഭിച്ചില്ലെന്ന പരാതിയിൽ ഒരാഴ്ചയ്ക്കുള്ളിൽ സമഗ്ര റിപ്പോർട്ട് കമ്മീഷൻ ആസ്ഥാനത്ത് സമർപ്പിക്കാൻ ഇരിട്ടി തഹസിൽദാർക്ക് നിർദേശം നൽകി. വില്ലേജ് ഓഫീസർ സ്ഥലം പരിശോധിച്ച് വയോധികയ്ക്ക് പട്ടയം ലഭിക്കാനുള്ള യോഗ്യതയുണ്ടെന്ന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ തഹസിൽദാർ കമ്മീഷൻ മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കാത്തതിനെ തുടർന്നായിരുന്നു നടപടി.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ 9746515133 നമ്പറിൽ വാട്സ് ആപ്പിലൂടെ പരാതികൾ സ്വീകരിക്കാൻ തുടങ്ങിയത് ഫലപ്രദമായെന്ന് കമ്മീഷൻ പറഞ്ഞു. പദ്ധതി വഴി പരാതികൾ എത്രയും വേഗം സൗകര്യപ്രദമായി അയയ്ക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. സംസ്ഥാനത്ത് അകത്തും പുറത്തുമുള്ളവർക്ക് 24 മണിക്കൂറും പരാതികൾ അയയ്ക്കാം എന്നതിനാൽ തന്നെ അപേക്ഷകളുടെ എണ്ണം കൂടുന്നുണ്ടെന്നും കമ്മീഷൻ പറഞ്ഞു.