ആറളം ഫാമിലെ ആന മതിൽ: മുഖ്യമന്ത്രിയെ നേരിൽ കാണും
1494516
Sunday, January 12, 2025 1:54 AM IST
ഇരിട്ടി: നിർമാണം നിലച്ച ആറളം പുനരധിവാസ മേഖലയിലെ ആനമതിലിന്റെ നിർമാണം അടിയന്തരമായി പുനരാരംഭിക്കാൻ സർക്കാർതല ഇടപെടൽ ഉറപ്പ് വരുത്താനും ഫാമിലെയും പുനരധിവാസ മേഖലയിലെയും കാട് വെട്ടിത്തെളിക്കാനും തീരുമാനം. ആനമതിൽ പൂർത്തിയാകാതെ ഫാമിലെയും പുനരധിവാസ മേഖലയിലെയും കാട്ടാന ശല്യത്തിനു ശാശ്വത പരിഹാരം കാണാൻ കഴിയില്ലെന്നും നിർമാണം പുനരാരംഭിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ വകുപ്പ്തലത്തിലും എംഎൽഎ മുഖ്യമന്ത്രിയെ നേരിൽ കണ്ടും നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.
മനുഷ്യരും വന്യ ജീവികളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിനുള്ള സമഗ്ര നടപടികൾക്ക് രൂപം കൊടുക്കുന്നതിനായി വനം ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണണൻ ആറളം വളയംചാലിൽ വിളിച്ച യോഗത്തിലാണ് തീരുമാനം. ജനവാസ മേഖലയിൽ അനിയന്ത്രിതമായി പെരുകിയ കാട്ടുപന്നികളെ വെടി വയ്ക്കുന്നതിനായി കർഷകർ നൽകുന്ന അപേക്ഷകളിൽ എതിർപ്പ് ഉന്നയിക്കുന്നതു ഒഴിവാക്കണമെന്നും സണ്ണി ജോസഫ് എംഎൽഎ നൽകിയ നിർദേശവും വനം ചീഫ് വൈൽഡ് ലൈഫ് വാർഡൻ അംഗീകരിച്ചു.
സംസ്ഥാനത്ത് വന്യജീവി ശല്യം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിൽ പ്രതിരോധ സംവിധാനങ്ങൾ ചർച്ച ചെയ്യാനായി ചാലക്കുടിയിലും വയനാടും ചേർന്ന യോഗങ്ങൾക്ക് ശേഷമാണ് ആറളം വന്യജീവി സങ്കേതത്തിലും യോഗം ചേർന്നത്. ഫാമിലും പുനരധിവാസ മേഖലയിലും കാട്ടാന ശല്യം രൂക്ഷമാണെന്ന് യോഗം വിലയിരുത്തി. ഫാം ജനവാസ കേന്ദ്രങ്ങളിൽ 40 ഓളം ആനകളും 600 ഓളം മാനുകളും ഉണ്ടെന്നായിരുന്നു എംഎൽഎയുടെ ചോദ്യങ്ങൾക്ക് അധികൃതർ നൽകിയ മറുപടി.
ഫാമിലും പുനരധിവാസ മേഖലയിലും വളരുന്ന കാട് ആനയെ ഓടിക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു . തൊഴിലുറപ്പിൽ ഉൾപ്പെടുത്തി പ്രദേശത്തെ കാട് വെട്ടിത്തെളിക്കുന്നതും സോളർ വേലി സംരക്ഷണവും ഉറപ്പ് വരുത്താൻ സർക്കാരിനെ സമീപിക്കാനും യോഗം തീരുമാനിച്ചു.