കുന്നത്തൂർപാടി തിരുവപ്പന മഹോത്സവം 15ന് സമാപിക്കും
1494756
Monday, January 13, 2025 1:09 AM IST
കുന്നത്തൂർപാടി: കുന്നത്തൂർപാടി തിരുവപ്പന മഹോത്സവം 15ന് രാത്രി സമാപിക്കും. കഴിഞ്ഞ മൂന്നാഴ്ചയായി ഭക്തജന തിരക്കിലായിരുന്നു കുന്നത്തൂർപാടി ദേവസ്ഥാനം. ഉത്തരകേരളത്തിലെ പ്രമുഖ തീർഥാടന കേന്ദ്രവും മുത്തപ്പൻ മടപ്പുരകളുടെ ആരൂഢ സ്ഥാനവുമായ കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തെ ഈ വർഷത്തെ മഹോത്സവം 16ന് പുലർച്ചെ കളിക്കപ്പാട്ട് എന്ന ചടങ്ങോടെയാണ് സമാപിക്കുക. ഈ വർഷത്തെ ഉത്സവത്തിന് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ പാടിയിൽ എത്തിയതായി പാരമ്പര്യ ട്രസ്റ്റി എസ്.കെ. കുഞ്ഞിരാമൻ നായനാർ പറഞ്ഞു. കുടക് മടിക്കേരി മുത്തപ്പ ദേവസ്ഥാനം കുടുംബാംഗങ്ങളും പാടിയിലെത്തി.
തീർഥാടകരുടെ ആവശ്യത്തിനായി ശൗചാലയങ്ങളും വാഹന പാർക്കിംഗ് സൗകര്യവും ഒരുക്കിയിരുന്നു.
ഹരിതചട്ടം പാലിച്ചാണ് ഉത്സവം നടത്തുന്നത്. 16ന് പുലർച്ചെ വാണവരും അടിയന്തരക്കാരും പാടിയിൽ നിന്ന് ഇറങ്ങിയാൽ അടുത്തവർഷം ഉത്സവം തുടങ്ങുന്നതുവരെ പാടിയിൽ ആരും പ്രവേശിക്കില്ല. സമുദ്ര നിരപ്പിൽ നിന്നും മൂവായിരം അടി ഉയരത്തിൽ വനത്തിലാണ് ദേവസ്ഥാനം സ്ഥിതി ചെയ്യുന്നത്. മഹോത്സവത്തിന് ശേഷം താഴെ പൊടിക്കളത്ത് മഠപ്പുരയിൽ എല്ലാ മലയാള മാസങ്ങളിലും സംക്രമദിനത്തിൽ രാവിലെ 11ന് മുത്തപ്പൻ വെള്ളാട്ടവും തുടർന്ന് പ്രസാദ ഊട്ടും ഉണ്ടാകും.