ആനയുടെ മുന്നിൽനിന്നു ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ സനീഷ്
1493991
Friday, January 10, 2025 1:35 AM IST
ഇരിട്ടി: പായം ജബ്ബാർ കടവ് സ്വദേശി സനീഷ് (39) ആനയ്ക്ക് മുമ്പിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ 9.30 ടെയായിരുന്നു സംഭവം. വീട്ടിൽനിന്നും എടൂരിലെ സ്ഥാപനത്തിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്ത് വച്ച് ആനയ്ക്ക് മുമ്പിൽപ്പെടുന്നത്. പായം പുഴയരികിൽ നിന്ന് കൂട്ടം തെറ്റിയ ആന ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ഭാഗത്തെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് ബൈക്കിൽ സനീഷ് അതുവഴി എത്തുന്നത്.
ആനയെ കണ്ടു ഭയന്ന സനീഷ് ബൈക്ക് ഉപേക്ഷിച്ച് ഗ്രൗണ്ടിലേക്ക് ഓടുകയായിരുന്നു. പിന്നാലെ ഓടിയ ആന തുമ്പിക്കൈ നീട്ടി സനീഷിനെ ഉപദ്രവിക്കാൻ ശ്രമിച്ചെങ്കിലും ആത്മസംയമനം കൈവിടാതെ ആനയ്ക്ക് മുന്നിൽനിന്നും തിരിഞ്ഞോടി അദ്ഭുകരമായി രക്ഷപ്പെടുകയായിരുന്നു. സനീഷ് തിരിഞ്ഞോടിയതോടെ ആന അടുത്ത പറമ്പിലേക്ക് ഓടിക്കയറി. തിരിഞ്ഞോടുന്നതിനിടയിൽ ഗ്രൗണ്ടിൽ വീണ് സനീഷിന് കൈയ്ക്കും കാലിനും നിസാര പരിക്കേറ്റു. വീഴ്ചയിൽ സനീഷിന്റെ മൊബൈൽ ഫോണിനു കേടുപാടുകൾ സംഭവിച്ചു. സനീഷ് പ്രാഥമിക ചികിത്സ തേടിയശേഷം വീട്ടിലേക്ക് തിരികെ പോയി. ആനയ്ക്ക് മുന്നിൽ നിന്ന് ജീവൻ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് സനീഷ്.