ബസ് കടയിലേക്ക് പാഞ്ഞുകയറി
1494750
Monday, January 13, 2025 1:09 AM IST
ചെറുപുഴ: കാക്കേഞ്ചാലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറി. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. പയ്യന്നൂർ ഭാഗത്തു നിന്നു പുളിങ്ങോം ഭാഗത്തേക്ക് പോകുകയായിരുന്ന ഐഷാനി എന്ന സ്വകാര്യ ബസാണ് കാക്കേഞ്ചാൽ സെന്റ് മേരീസ് ഫൊറോന പള്ളിക്കു മുന്നിലെ ഇറക്കത്തിൽ അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12.40 ഓടെ യായിരുന്നു സംഭവം.
അപകടത്തിൽ ഹോട്ടലിനു സമീപം നില്ക്കുകയായിരുന്ന കാക്കേഞ്ചാൽ സ്വദേശി കൂട്ടമാക്കൽ ജോഷി (62), റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ഡ്രൈവർ ചെറുപുഴ സ്വദേശി പറഞ്ഞിക്കാട്ടിൽ പി.കെ. രഞ്ജിത് (38), ചെറുപുഴ എസ്ആർ സദനിലെ സാവിയോ ബി. ആന്റണി (10), ലിയോണ ബി. ആന്റണി (14), പാലക്കുടിയിൽ സാവിയോ ജിമ്മി (16), സാനിയ ജിമ്മി (14), സ്കൂട്ടർ യാത്രികരായ ഫൈസൽ (36), നഫീസത്ത് (30), ഹാദിയ (എട്ട്), മുഹമ്മദ് (ആറ്), ബസ് യാത്രികരായ
കുഞ്ഞിമംഗലം സ്വദേശി മൊയ്ദീൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചെറുപുഴ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിലെത്തിച്ച് പ്രഥമ ചികിത്സ നല്കി. ഇതിൽ സാരമായി പരിക്കേറ്റ കൂട്ടമാക്കൽ ജോഷി, സാനിയ ജിമ്മി, മൊയ്ദീൻ എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി പയ്യന്നൂർ, കണ്ണൂർ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്കു മാറ്റി.
അപകടമുണ്ടാക്കിയ ബസ് ആദ്യം റോഡിനു വലതുഭാഗം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും തുടർന്ന് ഇടത്തേയ്ക്ക് വെട്ടിക്കുന്നതിനിടയിൽ സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. പിന്നീട് നിരവധി വൈദ്യുത പോസ്റ്റുകൾ ഇടിച്ചു തകർത്ത ശേഷം റോഡിന് ഇടതു വശത്തെ വനിതാ ഹോട്ടലിന്റെ ഷീറ്റുകൾ തകർത്ത് രവീന്ദ്ര അപ്പ്ഹോൾസ്റ്ററി ആൻഡ് ഇന്റീരിയർ എന്ന സ്ഥാപനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ് അല്പം കൂടി മുന്നോട്ട് പോയിരുന്നെങ്കിൽ കെഎസ്ഇബിയുടെ ട്രാൻസ്ഫോർമറിലിടിച്ച് വൻ അപകടം ഉണ്ടാകുമായിരുന്നു.
ഞായറാഴ്ച വനിതാ ഹോട്ടലും രവീന്ദ്ര അപ് ഹോൾസ്റ്ററി ആൻഡ് ഇന്റീരിയർ എന്ന സ്ഥാപനവും അവധിയായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. സെന്റ് മേരീസ് പള്ളിയിൽനിന്നും സൺഡേ സ്കൂൾ കഴിഞ്ഞ് കുട്ടികൾ റോഡ് മുറിച്ച് കടക്കുന്ന സമയത്തായിരുന്നു അപകടം. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ അപകടസ്ഥലം സന്ദർശിച്ചു.