ലഹരിക്കെതിരേ യൂത്ത് കോൺഗ്രസ് മാരത്തൺ സംഘടിപ്പിച്ചു
1494523
Sunday, January 12, 2025 1:54 AM IST
തളിപ്പറമ്പ്: ലഹരിക്കെതിരേ കാമ്പയിനുമായി യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാരത്തോൺ സംഘടിപ്പിച്ചു. 12 കീലോമീറ്റർ ദൂരമുള്ള മാരത്തൺ നാടുകാണിയിൽ നിന്നാരംഭിച്ച് കാക്കാത്തോട് ബസ് സ്റ്റാൻഡിൽ സമാപിച്ചു. ടി. സിദ്ദിഖ് എംഎൽഎ അടക്കം നിരവധി പേർ മാരത്തണിൽ പങ്കെടുത്തു. പുരുഷവിഭാഗത്തിൽ മധ്യപ്രദേശിൽ നിന്നുള്ള രാഗേഷ് കുമാർ ഒന്നാമതെത്തിയപ്പോൾ തനൂജ് കുമാർ, ജിതേന്ദ്രകുമാർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഉത്തർപ്രദേശിൽ നിന്നുള്ള സപ്ന പട്ടേൽ വനിതകളിൽ ഒന്നാമതെത്തി. ആഷ രണ്ടും പൗർണമി മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
തളിപ്പറമ്പ് മാരത്തണിന്റെ ഫ്ലാഗ് ഓഫ് കേണൽ ഭുവനേന്ദ്രൻ നായർ, ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ, കെപിസിസി മെംബർ മുഹമ്മദ് ബ്ലാത്തൂർ എന്നിവർ ചേർന്ന് നിർവഹിച്ചു. യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.കെ. സരസ്വതി, മഹിളാ കോൺഗ്രസ് വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി.പി. അബ്ദുൾ റഷീദ്, രാഹുൽ വെച്ചിയോട്ട്, കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, പി.ആർ. സനീഷ്, പ്രജീഷ് കൊട്ടക്കാനം, പ്രജീഷ് കൃഷ്ണൻ, വരുൺ ചിന്നൻ എന്നിവർ മാരത്തോണിന് നേതൃത്വം നൽകി .
മനസ് മുന്നിലോടിയപ്പോൾ
റഹ്മാന് കാല് തടസമായില്ല
തളിപ്പറമ്പ്: മാരത്തണിൽ താരമായി നിലമ്പൂർ സ്വദേശി മുണ്ടോടൻ റഹ്മാൻ (56). വിധിയുടെ വിളയാട്ടത്തിൽ ഒരു കാൽ മുട്ടിന് താഴെ നഷ്ടപ്പെട്ടിട്ടും മനസിന്റെ കരുത്തുമായിട്ടാണ് റഹ്മാൻ മാരത്തോണിനിറങ്ങിയത്. 2006 ൽ ഹജ്ജിനായി മക്കയിൽ പോയപ്പോൾ റഹ്മാൻ സഞ്ചരിച്ച വാഹനം മറിഞ്ഞ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു തുടർന്ന് വലതുകാൽ മുട്ടിന് താഴെ വച്ച് മുറിച്ച് മാറ്റേണ്ടി വരികയായിരുന്നു.
എന്നാൽ വിധി അവിടെ മുതൽ റഹ്മാന് മുന്നിൽ തോല്‍ക്കുകയായിരുന്നു കൃത്രിമ കാലുമായി ഓട്ടത്തിൽ പരിശീലനം നടത്തുകയായിരുന്നു. പിന്നീട് ഹസ്വദൂര ഓട്ട മത്സരങ്ങളിൽ പങ്കെടുക്കുവാൻ തുടങ്ങുകയും അതിന് പിന്നാലെ മാരത്തണിൽ സജീവമാകുകയുമായിരുന്നു. ഇതിനകം നിരവധി മാരത്തോണുകളിൽ പങ്കെടുത്തിട്ടുണ്ട്.
നാടുകാണി മുതൽ കാക്കാത്തോട് ബസ് സ്റ്റാന്‍ഡ് ഫിനിഷിംഗ് പോയന്റ് വരെയുള്ള 12 കിലോമീറ്ററും തളരാതെ റഹ്മാൻ ഓടി പൂർത്തിയാക്കി. നിലമ്പൂരിൽ മൃഗസംരക്ഷണ വകുപ്പിൽ ആർപി അറ്റന്ററാണ് നിലവിൽ റഹ്മാൻ. ഭാര്യയും നാല് മക്കളുമടങ്ങുന്ന കുടുംബമാണ് കരുത്തായ് കൂടെയുള്ളത്.