53 കോടി അനുവദിച്ചിട്ടും പാതിവഴിയിൽ നിലച്ചു
1494294
Saturday, January 11, 2025 2:00 AM IST
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നതിന് പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ടിൽ നിന്ന് 53 കോടി രൂപ അനുവദിച്ചിട്ടും ആനമതിലിന്റെ നിർമാണം ഇന്നും ബാലികേറാമല. ആറളം വന്യജീവി സങ്കേതത്തിനും പുനരധിവാസ മേഖലയ്ക്കും ഇടയിൽ നിർമിക്കുന്ന 10.50 കിലോമീറ്റർ വരുന്ന ആനമതിലിന്റെ നിർമാണം ഏതാണ്ട് പൂർണമായും നിലച്ചിരിക്കുകയാണ്. നിലവിൽ നിർമാണ കാലാവധി കഴിഞ്ഞ മതിൽ മാർച്ചുമാസത്തോടെ പൂർത്തിയാക്കണമെന്ന് വകുപ്പ് മന്ത്രി രണ്ട് മാസം മുന്പ് നടത്തിയ അവലോകന യോഗത്തിൽ കരാറുകാരന് നിർദേശം നൽകിയിരുന്നു. നിർദേശത്തിന് ശേഷം യാതൊരു നിർമാണപ്രവൃത്തിയും കരാറുകാരൻ നടത്തിയിട്ടില്ലെന്നതാണ് യാഥാർഥ്യം .
നഷ്ടമായത് 12 ജീവനുകൾ
ആറളം ഫാം പുനരധിവാസ മേഖല ഉൾപ്പടെ ഫാമിന് വെളിയിലും കാട്ടാനകളുടെ താണ്ഡവം തുടരുകയാണ്. ആറളം ഫാം പുനരധിവാസ മേഖലയിൽ ഇതുവരെ 12 ജീവനുകളാണ് വന്യമൃഗങ്ങൾ കവർന്നത്. ഇപ്പോൾ പകൽ സമയത്തും കാട്ടാനകൾ ഭീഷണിയാകുകയാണ്. ആർആർടിയും വനപാലകരും എത്തി ആനയെ തുരത്തുമെങ്കിലും മണിക്കൂറുകൾക്ക് ഉള്ളിൽ വീണ്ടും തിരിച്ചെത്തുന്നത് നിത്യസംഭവമാണെന്ന് പ്രദേശവാസികൾ പറയുന്നു. പകൽ വെളിച്ചം മങ്ങിയാൽ വെളിയിലിറങ്ങാൻ ഭയമാണെന്നാണ് താമസക്കാർ പറയുന്നു. ജീവൻ മാത്രമല്ല ജീവന ഉപാധികളും വന്യമൃഗങ്ങൾ നശിപ്പിക്കുകയാണ്.
പകുതി പോലുമായില്ല
18 മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് അവകാശപ്പെട്ട് മന്ത്രിമാർ ആഘോഷമായി നിർമാണ ഉദ്ഘാടനം നടത്തിയ ആനമതിൽ എങ്ങുമെത്താതെ അന്ത്യശ്വാസം വലിക്കുന്നതിന്റെ കാരണമെന്താണെന്ന് പോലും ഇവിടുത്തെ ജനങ്ങൾക്ക് അറിയില്ല. 53 കോടി രൂപ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതി ലഭിച്ച പദ്ധതിക്ക് കാസർഗോഡുള്ള കമ്പനി കരാർ 37.9 കോടി രൂപയാണ്. ആരംഭത്തിൽ നിർമാണം വളരെവേഗം മുന്നേറിയെങ്കിലും കാലാവസ്ഥ , മരംമുറി, അലൈന്മെന്റിലെ വ്യത്യാസം തുടങ്ങിയവ തടസമായി. അതെല്ലാം നീങ്ങിയെങ്കിലും നിർമാണം പുരോഗമിച്ചില്ല. 10.50 കിലോമീറ്റർ വരുന്ന മതിലിന്റെ മൂന്ന് കിലോമീറ്റർ ഭാഗമാണ് നിർമാണം ഭാഗികമായി പൂർത്തിയാക്കിയിരിക്കുന്നത്. നിർമാണം പൂർത്തിയാക്കാനുള്ളത് അതീവ ദുർഘടമേഖലകളാണ്. ഇവിടെ നിർമാണത്തിന് ആവശ്യമായ കൂപ്പ് റോഡുകൾ പോലും നിർമിച്ചിട്ടില്ല.
നിയമയുദ്ധത്തിലേക്ക്
ആനമതിലിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാരന് എതിരെ പൊതുമരാമത്ത് വകുപ്പ് നോ പ്രോഗ്രസ് റിപ്പോർട്ട് നൽകിയിരിക്കുകയാണ് . അടുത്ത ഘട്ടമായി കരാറുകാരനെ ടെർമിനേറ്റ് ചെയ്യാനുള്ള നടപടികളാണ് ആലോചിക്കുന്നത്. കരാറുകാരനാകട്ടെ നിർമാണത്തിലുണ്ടായ തടസങ്ങൾ ചൂണ്ടിക്കാണിച്ച് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഇതോടെ ആനമതിൽ നിർമാണം നിയമയുദ്ധത്തിലേക്ക് മാറും.