റോഡിൽ പൊലിഞ്ഞത് പത്തിലേറെ ജീവനുകൾ
1493731
Thursday, January 9, 2025 2:03 AM IST
മട്ടന്നൂർ: മട്ടന്നൂർ-ഇരിട്ടി റൂട്ടിൽ വാഹനാപകടങ്ങൾ പതിവാകുന്നു. രണ്ടര വർഷത്തിനുള്ളിൽ പത്തിലേറെ ജീവനുകൾ റോഡിൽ പൊലിയുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റോഡ് മെക്കാഡം ടാറിംഗ് ചെയ്ത ശേഷമാണ് വാഹനാപകടങ്ങൾ വർധിച്ചത്. ഇന്നലെ രാവിലെ ഉളിയിൽ പാലത്തിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ടു പേർ മരിക്കുകയും രണ്ടു പേർക്ക് പരിക്കേറ്റതുമാണ് അവസാനത്തെ അപകടം. ഇതേ സ്ഥലത്ത് വച്ചു മാസങ്ങൾക്ക് മുമ്പ് ലോറിയും കാറും കൂട്ടിയിടിച്ച് തലശേരി സ്വദേശികളായ രണ്ടു പേർ മരിച്ചിരുന്നു.
മാസങ്ങൾക്ക് മുമ്പ് പത്തൊൻമ്പതാം മൈലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കാശി മുക്കിലും ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സമീപവും സ്കൂട്ടറുകൾ അപകടത്തിൽപ്പെട്ടും രണ്ടു പേർ മരിച്ചിരുന്നു. ഉളിയിൽ റോഡ് മുറിച്ച് കടയ്ക്കുകയായിരുന്ന സ്ത്രീ പിക്കപ്പ് ജീപ്പിടിച്ചും ചാവശേരിയിൽ പിക്കപ്പ് ജീപ്പിടിച്ച് സ്കൂട്ടർ യാത്രക്കാരനും മരിച്ചിരുന്നു.ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഈ റോഡിൽ നടക്കുന്നത്. ഉളിയിൽ കുന്നിറക്കത്തിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഓട്ടോ റിക്ഷ ഇടിച്ച സംഭവവും ഉണ്ടായി.
ചാവശേരി, കാശിമുക്ക്, പഴയ പോസ്റ്റാഫീസ്, ഇരുപത്തിയൊന്നാം മൈൽ, കൂരൻമുക്ക്, പാലോട്ടു പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതലായും അപകടങ്ങൾ സംഭവിച്ചത്. റോഡ് മികച്ചതായതോടെ വാഹനങ്ങളുടെ വേഗതയും ഡ്രൈവർമാരുടെ ശ്രദ്ധ കുറവും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. അപകട മേഖലയായ പ്രദേശങ്ങളിൽ അപകടം ഒഴിവാക്കാനുള്ള ബോർഡുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാൻ പൊതുമരാമത്ത് അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.