കല്യോട്ട് ഇരട്ടക്കൊലക്കേസില്‍ തുടരന്വേഷണം വേണം: ഉണ്ണിത്താന്
1494292
Saturday, January 11, 2025 2:00 AM IST
കാസര്‍ഗോഡ്: കല്യോട്ട് ഇരട്ടക്കൊല കേസില്‍ തുടരന്വേഷണം വേണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തില്‍ ഞങ്ങള്‍ പൂര്‍ണതൃപ്തരല്ല. കൊലയില്‍ ഉന്നതരായവര്ക്കുള്ള പങ്കും പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. കൊലയില്‍ ഉന്നതര്‍ക്കുള്ള പങ്കാണ് പി. ജയരാജന്റെ ജയില്‍ സന്ദര്‍ശനത്തോടെ മറനീക്കി പുറത്തുവന്നത്. പാര്‍ട്ടി പ്രതികള്‍ക്കൊപ്പമാണെന്ന സന്ദേശം ഇതിലൂടെ വ്യക്തമാണ്. സിബിഐ കോടതി വെറുതെ വിട്ട 10 പേരെ കൂടാതെ പ്രതിഭാഗം പറഞ്ഞ മറ്റു നാലുപേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
സിബിഐ കോടതിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്യുന്നതിനായുള്ള ഹൈക്കോടതിയിലെ വാദത്തിനിടെ നാലുപേര്‍ കുറ്റക്കാരല്ല, പുറത്തുള്ള മറ്റു നാലുപേരാണ് കുറ്റക്കാരെന്നും പ്രതിഭാഗത്തിന്റെ വക്കീലായ സി.കെ. ശ്രീധരന് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഈ നാലുപേരുടെ കാര്യം സിബിഐയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും അവര്‍ പ്രതിപ്പട്ടികയില്‍ വന്നിരുന്നില്ല. പ്രതികളെ കുറ്റവിമുക്തരാക്കിയെന്ന് പറഞ്ഞ് കണ്ണൂര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ കെ.വി. കുഞ്ഞിരാമന് അടക്കമുള്ള നാലുപേരെ നാടുനീളെ സ്വീകരണം നല്‍കുന്നത് ജില്ലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള സിപിഎമ്മിന്റെ ശ്രമത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.
ഇരട്ടക്കൊലയില്‍ അഞ്ചു വര്‍ഷം ശിക്ഷിക്കപ്പെട്ട നാലു പ്രതികള്‍ക്കും 10,000 രൂപ വീതം പിഴ അടയ്ക്കാനും കോടതി വിധിച്ചിരുന്നു. ആ പിഴത്തുകയായ 10,000 രൂപയും ജാമ്യത്തുകയായ 50,000 രൂപ വീതവും കോടതിയില്‍ കെട്ടിവച്ചാണ് നേതാക്കളായ നാലുപേരും ജാമ്യം നേടി ജയിലിന് പുറത്തിറങ്ങിയത്. അല്ലാതെ കോടതി ഇവരെ കുറ്റവിമുക്തരാക്കിയിട്ടില്ലെന്ന് ഉണ്ണിത്താന് പറഞ്ഞു. കുറ്റവിമുക്തരായി എന്ന മട്ടിലാണ് ഇവരെ കണ്ണൂര്‍ മുതല്‍ ഉദുമവരെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ച് ആനയിച്ചത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. ഏതൊരു കേസിലും എന്ന പോലെ അപ്പീല്‍ വാദം നടക്കുന്നതിനാലാണ് ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
2018 മുതലുള്ള അപ്പീല്‍ ഹൈക്കോടതിയില്‍ നിലവിലുണ്ട്. ഏഴുവര്‍ഷം കഴിഞ്ഞ് ഇവരുടെ അപ്പീല്‍ പരിഗണിച്ചാല്‍ ഏതെങ്കിലും രീതിയിലുള്ള ഇളവിന് സാധ്യത ഉണ്ടായേക്കാമെന്ന് കരുതി പ്രത്യേക കേസായി കണ്ടാണ് ഇവര്‍ക്ക് ജാമ്യം നല്‍കിയത്. അല്ലാതെ സിപിഎമ്മും പ്രതികളും പ്രചരിപ്പിക്കുന്നത് പോലെ കുറ്റവിമുക്തരാക്കിത് കൊണ്ടല്ല. കോടതിയുടെ സ്വാഭാവികമായ നടപടിയുടെ ഭാഗമായാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. അവര്‍ ഇപ്പോഴും കുറ്റവാളികള്‍ തന്നെയാണ്. വെറുതെ വിട്ടവര്‍ അടക്കമുള്ളവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഏതറ്റംവരെയും പോകുമെന്നും ഉണ്ണിത്താന് കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍, യുഡിഎഫ് കണ്‍വീനര്‍ എ. ഗോവിന്ദന് നായര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.