പഴശി കനാലിൽ ചോർച്ച: വീട്ടുപരിസരങ്ങളിൽ വെള്ളം കയറി
1494295
Saturday, January 11, 2025 2:00 AM IST
മട്ടന്നൂർ: പഴശി കനാലിൽ ചോർച്ചയെ തുടർന്ന് വളയാൽ പ്രദേശത്ത് നിരവധി വീട്ടുപരിസരങ്ങളിൽ വെള്ളം കയറി. രണ്ടു ദിവസമായി കനാൽ വഴി വെള്ളമൊഴുക്കിയതോടെയാണ് വ്യാപകമായി ചോർച്ചയുണ്ടായത്. കനാലിൽ നിന്ന് മണ്ണിനടിയിലൂടെ എത്തുന്ന വെള്ളം വീട്ടുപരിസരങ്ങളിൽ കെട്ടിക്കിടക്കുകയാണ്. ശൗചാലയങ്ങളും കിണറുകളും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് വീട്ടുകാർ പറയുന്നു.
വളയാലിലെ നാരങ്ങാപ്രത്ത് രവീന്ദ്രൻ, പുതിയാറമ്പത്ത് പ്രജീഷ്, പ്രകാശൻ എന്നിവരുടെ വീട്ടുപരിസരത്ത് വെള്ളം കെട്ടിക്കിടക്കുകയാണ്. സ്ഥലത്തെ ഓവുചാൽ വഴിയും വെള്ളം ഒഴുകിപ്പോകുന്നുണ്ട്. കനാലിൽ വെള്ളം ഒഴുക്കാൻ തുടങ്ങിയതോടെ സമീപത്തെ വീട്ടുകിണറുകൾ നിറഞ്ഞെങ്കിലും വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് വീട്ടുകാർ പറയുന്നു. വീട്ടുകാരുടെ പരാതിയെത്തുടർന്ന് ജലസേചനവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു.
ജനുവരി ആറു മുതലാണ് പഴശി കനാൽ വഴി വെള്ളമൊഴുക്കാൻ തുടങ്ങിയത്. ഇതാദ്യമായാണ് ജനുവരിയിൽ വെള്ളം നൽകാൻ കഴിയുന്നത്. ജലസേചനവകുപ്പിന്റെ നേതൃത്വത്തിൽ കോടികൾ ചെലവഴിച്ച് കനാലിന്റെ പലഭാഗത്തും അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ മറ്റിടങ്ങളിൽ ചോർച്ച തുടരുകയാണെന്നാണ് വ്യക്തമാകുന്നത്.