ചെമ്പേരി മേള: സംഘാടക സമിതി ഓഫീസ് തുറന്നു
1493982
Friday, January 10, 2025 1:35 AM IST
ചെമ്പേരി: ചെമ്പേരിയിൽ 31 മുതൽ ഫെബ്രുവരി 11 വരെ നടക്കുന്ന കാർഷിക, വിദ്യാഭ്യാസ, സാംസ്കാരിക, വിനോദ, പ്രദർശന മേള - ഒറോത ഫെസ്റ്റിനായുള്ള സംഘാടക സമിതി ഓഫീസ് ചെമ്പേരി ടൗണിലെ പന്നിക്കോട്ട് ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ചു.
ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ മോഹനൻ മൂത്തേടൻ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് സാബു മണിമല, ഏരുവേശി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ പി.ജോർജ്, വൈഎംസിഎ കണ്ണൂർ സബ് റീജിയൻ ചെയർമാൻ ബെന്നി ജോൺ, വൈഎംസിഎ ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് ജോമി ജോസ് ചാലിൽ, ഒറോത ഫെസ്റ്റ് ജനറൽ കൺവീനർ ഷാജി വർഗീസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോസ് മേമടം, സജി കാക്കനാട്ട്, സീനിയർ സിറ്റിസൺ ഫോറം കണ്ണൂർ ജില്ലാ പ്രസിഡന്റ് ഏബ്രഹാം തോണക്കര, ജോസഫ് കൊട്ടുകപ്പള്ളി, ആന്റണി മായയിൽ, സന്ദീപ് കടൂക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
‘ഒറോത ഫെസ്റ്റ് ' കുടിയേറ്റ നാടിന്
അഭിമാനം: മാർ ജോസഫ് പാംപ്ലാനി
ചെമ്പേരി: മലബാർ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമായ ചെമ്പേരിയിൽ വൈഎംസിഎയുടെ നേതൃത്വത്തിൽ നടക്കുന്ന കാർഷിക, വിദ്യാഭ്യാസ, സാംസ്കാരിക, വിനോദ, പ്രദർശന മേള നാടിന് അഭിമാനമാണെന്ന് തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. കുടിയേറ്റ ജനതയുടെ നവോത്ഥാന മേഖലകളിലെ എല്ലാ സംരംഭങ്ങളെയും അനുസ്മരിക്കുകയും ആദരിക്കുകയും പുനർജന്മം നൽകുകയും ചെയ്യുന്ന ഒരു സംരംഭമായി ഇത് മാറുമെന്നും വിഭാഗീയ ചിന്തകൾക്കതീതമായി നാടിന്റെ കൂട്ടായ്മ വർധിപ്പിക്കാനുതകുന്ന ഇത്തരം സംരംഭങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ അനിവാര്യമാണെന്നും അതിന് നേതൃത്വം നൽകുന്ന വൈഎംസിഎ പ്രവർത്തകരെ അഭിനന്ദിക്കുന്നതായും മാർ പാംപ്ലാനി പറഞ്ഞു. ഒറോതാ ഫെസ്റ്റിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. ചെമ്പേരി ഇടവകാദിനാഘോഷത്തിന്റെ ഭാഗമായി ചെമ്പേരിയിൽ എത്തിയതായിരുന്നു ആർച്ച്ബിഷപ്.