കാറും ട്രാവലറും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്
1494528
Sunday, January 12, 2025 1:54 AM IST
കൂത്തുപറമ്പ്: കൂത്തുപറമ്പ്-തലശേരി റോഡിൽ കതിരൂർ ആറാംമൈൽ കുന്നിനുമീത്തൽ പെട്രോൾ പമ്പിന് സമീപം ട്രാവലറും കാറും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്.
കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ രാവിലെ 6.40 ഓടെയായിരുന്നു അപകടം. കാർ യാത്രക്കാരായ നാലു പേർക്കും ട്രാവലറിലുണ്ടായിരുന്ന എട്ട് പേർക്കുമാണ് പരിക്കേറ്റത്.
കാറിൽ നാലു പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ നാലു പേരേയും ആദ്യം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവരിൽ രണ്ടുപേരെ ചാലയിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രാവലറിൽ യാത്ര ചെയ്യുകയായിരുന്ന പുലിക്കുരുമ്പ സ്വദേശികളായ ലിനി സോമിച്ചൻ (47) മകൾ സോനാ സോമിച്ചൻ (24), ഡിയോൻ (അഞ്ച്), ജോൺ (14 ) എന്നിവരെ ചാല മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ പ്രിയ സോമിച്ചൻ (25), സോമിച്ചൻ (52), ലൈസാമ്മ (65), ശ്രീജ (43) എന്നിവർ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.
കുടുംബാംഗത്തിന്റെ ആദ്യകുർബാന ചടങ്ങിൽ പങ്കെടുക്കാനായി പുലിക്കുരുമ്പയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്നവരായിരുന്നു ട്രാവലറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ കാറിനകത്ത് കുടുങ്ങിയവരെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്.
മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ കാർ ട്രാവലറിൽ ഇടിച്ചാണ് അപകടമെന്ന് പോലിസ് പറഞ്ഞു. കതിരൂർ പോലീസും ഫയർഫോഴ്സും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.