ആരുമെത്തിയില്ല; ഒടുവിൽ ശ്രീധരനും ഓർമയായി
1494753
Monday, January 13, 2025 1:09 AM IST
പിലാത്തറ: മാധ്യമങ്ങളിലൂടെ വിവരങ്ങൾ നൽകിയിട്ടും ഉറ്റവരും ഉടയവരുമായി ആരുമെത്തിയില്ല. ഒടുവിൽ ഹാർമോണിസ്റ്റ് ശ്രീധരൻ ചിതയിലമർന്നു. വാർധക്യസഹജമായ അസുഖങ്ങളാൽ പിലാത്തറ ഹോപ്പിൽ കഴിഞ്ഞിരുന്ന ഹാർമോണിസ്റ്റ് വി. ശ്രീധരൻ (73) ഈ മാസം ആറിനാണ് മരിച്ചത്.
അവശനായനിലയിൽ പയ്യന്നൂർ ശിവക്ഷേത്രം റോഡിൽ ലോഡ്ജ് മുറിയിൽ ഏകനായി കഴിഞ്ഞിരുന്ന വയോധികനെ പയ്യന്നൂർ പോലീസിന്റെ നിർദേശപ്രകാരം മൂന്നു മാസമായി ഹോപ്പിൽ പരിചരിച്ചു വരവേയാണ് രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് മരിച്ചത്. കലാമണ്ഡലത്തിൽ 12 വർഷത്തിലേറെയും യേശുദാസിന്റെ ട്രൂപ്പിനൊപ്പവും ഹാർമോണിയം കൈകാര്യം ചെയ്തിരുന്നതിന്റെ രേഖകൾ ഇയാളുടെ കൈവശമുണ്ടായിരുന്നതിലൂടെയാണ് ഇദ്ദേഹം പ്രഗത്ഭനായ ഹാർമോണിസ്റ്റാണെന്ന് പുറം ലോകമറിഞ്ഞത്.
എന്നാൽ ഇദ്ദേഹത്തിന്റെ നാടോ മറ്റു വിവരങ്ങളോ അജ്ഞാതമായിരുന്നു. ഇദ്ദേഹത്തെ തിരിച്ചറിയുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ എത്തി ഭൗതിക ശരീരം ഏറ്റുവാങ്ങി സംസ്കരിക്കാൻ താത്പര്യമുണ്ടെങ്കിൽ ബന്ധപ്പെടണമെന്ന് മാധ്യമങ്ങളിലൂടെ വിവരം നൽകിയിട്ടും ആരുമെത്തിയില്ല. ഇന്നലെ വൈകുന്നേരം നടന്ന സംസ്കാരകർമത്തിൽ ജീവകാരുണ്യ പ്രവർത്തകൻ ഡോ. ഷാഹുൽ ഹമീദാണ് ചിതക്ക് തീ കൊളുത്താൻ മുന്നോട്ടുവന്നത്. ആ മനുഷ്യൻ അനാഥനാകാൻ പാടില്ലെന്ന ചിന്തയിൽ മതം എന്തു പറയുന്നുവെന്ന് നോക്കില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പേജിൽ കുറിച്ചു.