സായൂജിന്റെ സ്വപ്നയാത്രയ്ക്ക് കട്ട സപ്പോര്‍ട്ടുമായി കണ്ണൂര്‍ സര്‍വകലാശാല
1493993
Friday, January 10, 2025 1:35 AM IST
രാജപുരം: സ്വന്തമായി പഠിക്കുന്നതിനൊപ്പം പഠിച്ച കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കും പകര്ന്നുനല്കി ഐഎഎസ് എന്ന സ്വപ്നനേട്ടത്തിലേക്ക് യാത്ര ചെയ്യുന്ന രാജപുരം കോളേജ് മൂന്നാം വര്‍ഷ മൈക്രോബയോളജി വിദ്യാര്‍ഥി സായൂജ് എസ്. ചന്ദ്രന് ഒരു ലക്ഷം രൂപയുടെ സീഡ് ഫണ്ട് നല്കാന് കണ്ണൂര്‍ സര്‍വകലാശാല ഇന്നവേഷന്‍ ആന്‍ഡ് ഇന്‍കുബേഷന്‍ ഫൗണ്ടേഷന് തീരുമാനിച്ചു. ഫൗണ്ടേഷന്റെ സ്റ്റാര്‍ട്ടപ്പ് ആയി സായൂജ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരു വിദ്യാര്‍ഥി സംരംഭകന് എന്നുള്ള നിലയിലും പ്രചോദനാത്മകമായ സംരംഭം എന്ന നിലയിലും വളരെ പ്രതീക്ഷയുള്ള ഒരു ആശയമായതിനാണ് പ്രസ്തുത ഇന്‍കുബേറ്റര്‍ സീഡ് ഫണ്ട് സായൂജിന് ലഭിച്ചത്.
പത്രം വായിച്ച് ആനുകാലികമായ ആശയങ്ങള്‍ പ്രസന്റേഷന് രൂപത്തില്‍ സുഹൃത്തുക്കള്‍ക്ക് അവതരിപ്പിക്കുന്ന ആശയമാണ് പിന്നീട് ബിസിനസിന്റെ രൂപത്തില്‍ സായൂജ് മാറ്റിയെടുത്തത്. പകല്‍ സമയങ്ങളില്‍ വായിച്ചെടുക്കുന്ന കാര്യങ്ങള്‍ വൈകുന്നേരം ആറിനു ശേഷം പ്രസന്റേഷന് രൂപത്തിലാക്കുകയും രാത്രി എട്ടിനു ശേഷം ഓണ്‍ലൈനായി വിദ്യാര്‍ഥികള്‍ക്കായി ക്ലാസെടുത്ത് പഠിപ്പിക്കുകയും ചെയ്യുന്നതോടെ താന്‍ പഠിച്ച കാര്യങ്ങള്‍ ഒരിക്കലും മറക്കില്ലാത്ത തലത്തിലേക്കുയരും എന്നുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സായൂജ് സംരംഭം ആരംഭിച്ചത്. വളരെ വേഗം പ്രചാരത്തില്‍ എത്തിയ സായൂജിന്റെ കോച്ചിംഗ് സ്ഥാപനം വരുമാനത്തിന്റെ കാര്യത്തില്‍ കുതിച്ചുചാട്ടം നടത്തിയപ്പോഴാണ് കണ്ണൂര്‍ സര്‍വകലാശാല ഇന്നവേഷന്‍ ആന്‍ഡ് ഇന്‍കുബേഷന്‍ ഫൗണ്ടേഷനില്‍ വിദ്യാര്‍ഥി സംരംഭകനായി രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയത്.
രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയായ ഉടന്‍തന്നെ സംരംഭക ആശയത്തിന്റെ ആഴം മനസിലാക്കി ഫൗണ്ടേഷന് സായൂജിന് ഒരു ലക്ഷം രൂപ സീഡ് ഫണ്ട് ആയി നല്കുവാന് തീരുമാനിക്കുകയായിരുന്നു. വിദ്യാര്‍ഥിജീവിതം മാതൃകാപരമായ ജീവിത വിജയത്തിന് ഉതകുന്ന സ്വയം വികസിപ്പിച്ചെടുത്ത സായൂജിന്റെ നേട്ടം വിദ്യാര്ഥിസംരംഭകര്ക്കും സമൂഹത്തിനും വലിയൊരു പ്രചോദനമായി മാറുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. ബിജു ജോസഫ് പറഞ്ഞു. പഠനത്തോടൊപ്പം നൂതനമായ ഒരു സംരംഭം ലക്ഷ്യാധിഷ്ഠിതമായി പ്രാവര്‍ത്തികമാക്കിയ സായൂജ് മൈക്രോബയോളജി ഡിപ്പാര്‍ട്ട്മെന്റിന് പുതിയൊരു ദിശാബോധമാണ് നല്‍കുന്നതെന്ന് വകുപ്പ് മേധാവി ഡോ. എന്‍.വി. വിനോദ് പറഞ്ഞു. സിവില്‍ സര്‍വീസ് കോച്ചിംഗ് വഴി സമ്പാദിച്ച പണം കൊണ്ട് 10 ലക്ഷം രൂപയുടെ കാര്‍ വാങ്ങിയ സായൂജിന്റെ കഥ സണ്‍ഡേ ദീപിക പ്രസിദ്ധീകരിച്ചിരുന്നു. ചെര്‍ക്കള എടനീര്‍ സ്വദേശിയായ സായൂജ് വിമുക്തഭടനായ പി.ചന്ദ്രന്റെയും സതി ചന്ദ്രന്റെയും മകനാണ്. സഹോദരി സാന്ദ്ര കിംസ് മെഡിക്കല്‍ കോളജില്‍ ലക്ചറര്‍ ആണ്.