കണിച്ചാറിലെ വയോജന വിശ്രമകേന്ദ്രം കാടുകയറി നശിക്കുന്നു
1493979
Friday, January 10, 2025 1:35 AM IST
കണിച്ചാർ: കണിച്ചാർ ടൗണിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച വയോജന പകൽ വിശ്രമകേന്ദ്രം കാടുകയറി നശിക്കുന്നു. 2008ലാണ് വിശ്രമകേന്ദ്രം നിർമിച്ചത്. ആദ്യകാലത്ത് നല്ല നിലയിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ നടത്തിപ്പുകാർ മരിച്ചതോടെയാണ് വിശ്രമകേന്ദ്രം നശിക്കാൻ തുടങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്. കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കായി കമ്മിറ്റി നിലവിലുണ്ട്. പക്ഷേ ഇവർ തിരിഞ്ഞുനോക്കില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വിശ്രമകേന്ദ്രം നല്ല നിലയിൽ പ്രവർത്തിപ്പിക്കുന്നതിന് ചുമതലയുള്ള കമ്മിറ്റിയുടെ യോഗം പഞ്ചായത്ത് അധികൃതർ വിളിച്ചുചേർത്തെങ്കിലും ഫലം ഉണ്ടായില്ല.
വയോജനങ്ങൾക്ക് വ്യായാമം ചെയ്യാനുള്ള ഉപകരണങ്ങൾ ഉൾപ്പെടെ കെട്ടിടത്തിലുണ്ട്. ഉപയോഗിക്കാതെ ഇവ നശിച്ചു. വയോജനവിശ്രമകേന്ദ്രത്തിന് സമീപത്തുള്ള സാംസ്ക്കാരികനിലയവും തകർച്ചയുടെ വക്കിലാണ്. 1995-ലാണ് സാംസ്കാരികനിലയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. പിന്നീട് കെട്ടിടം തുറക്കാതെയായി. കാലപ്പഴക്കം മൂലം കെട്ടിടത്തിന്റെ പല ഭാഗ ങ്ങളും വിണ്ടുകീറിയ നിലയിലാണ്.
പഴയ ഫയലുകളും മറ്റ് സാധനങ്ങളും ഈ കെട്ടിടത്തിലാണ് കൂട്ടിയിട്ടിരിക്കുന്നത്. ലൈബ്രറിയുടെ പ്രവർത്തനവും നിലച്ചിട്ട് നാളുകളായി.