നിയമ നിർമാണം വേണ്ടത് വന്യജീവികളെ പ്രതിരോധിക്കാൻ: കേരള കോൺഗ്രസ്-എം
1494518
Sunday, January 12, 2025 1:54 AM IST
കണ്ണൂർ: ജനങ്ങളെ നേരിടാനല്ല വന്യമൃഗങ്ങളെ പ്രതിരോധിക്കാനാണ് നിയമനിർമാണം നടത്തേണ്ടതെന്ന് കേരള കോൺഗ്രസ്-എം ജില്ലാ കമ്മിറ്റിയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. നിരന്തരമായി ഉണ്ടാകുന്ന വന്യജീവി സംഘർഷത്താൽ പൊറുതിമുട്ടുന്ന കേരളത്തിലെ വനാതിർത്തി പങ്കിടുന്ന 430 പഞ്ചായത്തുകളിലെ ഒരു കോടി 30 ലക്ഷം ജനങ്ങളെ സാരമായി ബാധിക്കുന്നതാണ് വന നിയമഭേദഗതിയുടെ കരട് വിജ്ഞാപനത്തിലെ നിർദേശങ്ങളെന്നും യോഗം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ അധ്യക്ഷത വഹിച്ചു.
വനപാലകർ അറസ്റ്റ് ചെയ്യുന്നവരെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കുന്നതിനുള്ള സമയപരിധി എത്ര വേണമെങ്കിലും നീട്ടി നൽകുന്ന 63ാം വകുപ്പ് ഭേദഗതി വലിയ തോതിൽ ദുരുപയോഗം ചെയ്യപ്പെടും. സംശയത്തിന്റെ പേരിൽ വനത്തിൽ നിന്ന് ആരെയും അറസ്റ്റ് ചെയ്യാനുള്ള അധികാരം ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് വരെ കൈമാറാനുള്ള ഭേദഗതി വനാതിർത്തി നിശ്ചയിക്കുന്ന ജണ്ടയിലെ ഒരു കല്ലിളകി വീണാൽ പോലും പ്രദേശവാസികളെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്ത് ദ്രോഹിക്കുന്നതിലേക്ക് നയിക്കും. കള്ളക്കേസുകൾ ചുമത്താൽ കൂടുതൽ സൗകര്യമാകുന്ന വനനിയമ ഭേദഗതി പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. രാജ്യത്ത് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം.
അതേ സമയം 30 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഒരു സെന്റ് ഭൂമി പോലും സ്വന്തമായിട്ടില്ലാത്ത അവസ്ഥയുമുണ്ട്. കൂടുതൽ ജനസാന്ദ്രതയുള്ള കേരളത്തിൽ തന്നെയാണ് ഏറ്റവും കൂടുതൽ വനഭൂമിയുമുള്ളത്. സംസ്ഥാനത്തിന്റെ വനാതിർത്തി ദൂരം 16846 കിലോമീറ്ററാണ്. ദേശീയതലത്തിൽ വനാവരണം 24.6% ആണെങ്കിൽ കേരളത്തിൽ അത് 54.7% ആണെന്നിരിക്കെ ഉദ്യോഗസ്ഥർക്ക് കർഷകരെ എളുപ്പം കള്ളക്കേസിൽ കുടുക്കാനാവുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യുന്നത് കടുത്ത ജനദ്രോഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു
അഡ്വ.മാത്യു കുന്നപ്പള്ളി, സജി കുറ്റിയാനിമറ്റം, കെ ടി സുരേഷ് കുമാർ, തോമസ് മാലത്ത്, ബിനു മണ്ഡപം, വി.വി. സേവി, സി.എം. ജോർജ്, മാത്യു പുളിക്കക്കുന്നേൽ, വിപിൻ തോമസ്,ബിജു പുതുക്കള്ളി,അമൽ ജോയി കൊന്നക്കൽ, ജയ്സൺ ജീരകശേരി, എ.കെ.രാജു, ഏലമ്മ ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറിയായി പി.എസ്. ജോസഫിനെയും ഐടി ചുമതലയുള്ള സെക്രട്ടറിയായി ബിനു ഇലവുങ്കലിനെയും നോമിനേറ്റ് ചെയ്തു.