ബാൻഡ് മേളം കത്തിക്കയറാൻ കാക്കിയുടെ ചിട്ടയും
1493992
Friday, January 10, 2025 1:35 AM IST
ശ്രീകാന്ത് പാണപ്പുഴ
തളിപ്പറമ്പ്: ബാൻഡ് മേളം എന്നും കണ്ണൂർ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിന്റെ കുത്തകയാണ്. ഇത്തവണയും സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം ബാൻഡ് മേളത്തിൽ വെന്നിക്കൊടി പാറിച്ചത് സെന്റ് തെരേസാസ് തന്നെ. ഈ ഒന്നാം സ്ഥാനത്തിനും എ ഗ്രേഡിനും പിന്നിൽ കാക്കിയുടെ ചിട്ട ഉണ്ടായിരുന്നു എന്നതാണ് ശരി.
പരിശീലകനും കേരള പോലീസ് മുൻ ബാൻഡ് മാസ്റ്ററുമായ പി.ജെ. ജോളിയാണ് ടീമിന്റെ പരിശീലകൻ. 31 വർഷം കേരള പോലീസിന്റെ ബാൻഡ് ടീമിന്റെ ശക്തി സ്രോതസായിരുന്നു ജോളി. പോലീസ് ഓർക്കസ്ട്രാ ഗാനമേള ടൂപ്പിലെ പ്രധാന ഗായകനുമായിരുന്നു. ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് പോലീസ് സേനയിൽനിന്നു വിരമിച്ചത്. 2022 ൽ ചണ്ഡീഗഡിലും 2023 ൽ ഗുജറാത്തിലും നടന്ന ഓൾ ഇന്ത്യ പോലീസ് ബാൻഡ് കോമ്പറ്റീഷനിൽ മികച്ച പ്രകടനം നടത്തിയ കേരള പോലീസ് ടീമിനെ നയിച്ചതും പി.ജെ. ജോളിയായിരുന്നു.
180 ടീമുകൾ പങ്കെടുത്ത ഓൾ ഇന്ത്യ ഇന്റർ സ്കൂൾ ബാൻഡ് മത്സരത്തിൽ കണ്ണൂർ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ ഒന്നാമത് എത്തിയതിനു പിന്നിലും ജോളിയുടെ ചിട്ടയായ പരിശീലനമായിരുന്നു.
ഈ വർഷം എച്ച്എസ് വിഭാഗത്തിൽ കെ. ദേവാംഗനയാണ് 20 അംഗങ്ങളുള്ള സെന്റ് തെരേസാസ് ടീമിനെ നയിച്ചത്. നാല് സൈഡ് ഡ്രംസ്, ഒരു ബാസ് ഡ്രം , എട്ട് ഡ്രംമ്പറ്റ്സ്, ഒരു സിംമ്പൽസ് ,ഒരു മാർക്കിംഗ് ടോം, നാല് ഇഫോണിയവും ഉപയോഗിക്കാൻ പഠിപ്പിച്ച് കഠിന പ്രയത്നത്തിലൂടേയാണ് ജോളി ടീമിനെ വിജയത്തിലെത്തിച്ചത്. ശ്രീയ സന്ദീവായിരുന്നു എച്ച്എസ്എസ് വിഭാഗത്തിന്റെ 20 അംഗ ടീമിനെ നയിച്ചത്. മുപ്പതിലേറെ വർഷമായി സെന്റ് തെരേസാസ് തന്നെ സംസ്ഥാന കലോത്സവത്തിൽ വിജയിക്കുന്നത് കണ്ണൂരിന്റെ സുവർണ നേട്ടമാണെന്ന് പി.ജെ. ജോളി പറയുന്നു. പ്രശസ്ത ബാൻഡ് മാസ്റ്ററായിരുന്ന വൈക്കം ജോസിന്റെ മകനാണ് ജോളി. ഭാര്യ സന്യ ജോളി. മക്കളായ വിസ്മയ, ലിന്റോ, ആന്റോ എന്നിവർ അച്ഛനൊപ്പം കലയുടെ കരുത്തായി കൂടെയുണ്ട്.
തളിപ്പറമ്പ് സെന്റ് മേരീസ് ഫെറോന പള്ളി , ധർമശാല ഇൻഫന്റ് ജീസസ് പള്ളി എന്നിവിടങ്ങളിലെ സ്ക്വയറിലെ പ്രധാന ഗായകനാണ് ജോളി. കൂടാതെ മലബാറിലെ പല ഗാനമേള ഗ്രൂപ്പുകളിലേയും അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ജോളി.
കലോത്സവ ബാൻഡ് മേളകളിലെ സൗകര്യം മെച്ചപ്പെടണം
നിരവധി വർഷങ്ങളായി ഇന്ത്യയിലെ പല ബാൻഡ് മേളയിലും ടീമംഗമായും പരിശീലകനായും പങ്കെടുത്ത വ്യക്തിയെന്ന നിലയിൽ സ്കൂൾ കലോത്സവങ്ങളിൽ ബാൻഡ് മേളത്തിൽ പങ്കെടുക്കുന്ന കുട്ടികൾ കടുത്ത ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്ന് ജോളി പറയുന്നു. കൊടുംവെയിലിൽ മണിക്കൂറുകളോളം കനത്ത ചൂടേറ്റാണ് കുട്ടികൾക്ക് മത്സരിക്കേണ്ടി വരുന്നത്. പരേഡ് ഗ്രൗണ്ട് പോലും നിലവാരമില്ലാത്തതാണ്. മറ്റൊരു സ്കൂളിലെ ബാൻഡ് ലീഡർ തെന്നിവീണ് ആ സ്കൂളിന് ബി ഗ്രേഡ് കൊണ്ട് തൃപ്തിപ്പെടേണ്ട സാഹചര്യം സംസ്ഥാന കലോത്സവത്തിലുണ്ടായി. ബാൻഡ് മേള മത്സരത്തിന് തണലൊരുക്കണം. നല്ല നിലവും പ്രധാനമാണ്. അടുത്ത കലോത്സവത്തിലെങ്കിലും മാറ്റം വരുമെന്നാണ് പ്രതീക്ഷയെന്നും ജോളി പറയുന്നു.