കണ്ണൂർ ചാൽ ബീച്ചിന് ബ്ലൂ ഫ്ലാഗ്
1494290
Saturday, January 11, 2025 2:00 AM IST
കണ്ണൂർ: കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലത്തിലെ അഴീക്കോട് പഞ്ചായത്തിലെ ചാൽ ബീച്ച് അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ലാഗിന് അർഹമായി. പരിസ്ഥിതി ഡെൻമാർക്ക് ആസ്ഥാനമായി ലോകത്ത് 51 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റൽ എഡ്യുക്കേഷൻ (എഫ്ഇഇ) എന്ന സംഘടനയാണ് ബ്ലൂ ഫ്ലാഗ് പദവി നൽകിയത്. സംസ്ഥാനത്ത് ബ്ലൂ ഫ്ളാഗ് അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ ബീച്ചാണ് ചാൽ ബീച്ച്. ഈ വർഷം രാജ്യത്ത് 13 ബീച്ചുകൾക്കാണ് ഈ അംഗീകാരം ലഭിച്ചത്.
ജൈവവൈവിധ്യ സമ്പന്നമായ ചാൽ ബീച്ചിൽ കണ്ണൂർ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും നടത്തിയ പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളാണ് ബ്ലൂ ഫ്ലാഗ് ലഭിക്കാൻ വഴിയൊരുക്കിയത്. തടസങ്ങളില്ലാതെ ഉപയോഗിക്കാവുന്ന രീതിയിൽ രൂപകല്പന ചെയ്ത, കുറഞ്ഞ ചെലവിലുള്ള പരിസ്ഥിതി സൗഹൃദ മാതൃക പ്രദർശിപ്പിച്ചതിന് എഫ്ഇഇ ഇന്റർനാഷണലും ദേശീയ ജൂറിയും ബ്ലൂ ഫ്ലാഗ് ഇന്ത്യ നാഷണൽ കോ-ഓർർഡിനേറ്ററും ചാൽ ബീച്ചിനെ പ്രത്യേകം അഭിനന്ദിച്ചു. ജനപ്രതിനിധികൾ, പഞ്ചായത്ത്, കുടുംബശ്രീ എസ്എച്ച്ജി അംഗങ്ങൾ, സോഷ്യൽ ഫോറസ്ട്രി, പ്രോആക്ടീവ് ടൂറിസം വകുപ്പ്, സുസ്ഥിര ടൂറിസം രീതികൾ സ്വീകരിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ജില്ലാ ഭരണകൂടം എന്നിവരുടെ പങ്കാളിത്തത്തെയും അഭിനന്ദിച്ചു.
ഇക്കഴിഞ്ഞ ഒന്പതിന് അഹമ്മദാബാദിലെ സെന്റർ ഫോർ എൻവയോൺമെന്റൽ എജുഡ്യുക്കേഷൻ (സിഇഇ) കാമ്പസിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ ചാൽ ബീച്ചിനു വേണ്ടി ഡിടിപിസി ബീച്ച് മാനേജർ പി.ആർ. ശരത്കുമാർ ബ്ലൂ ഫ്ലാഗ് പതാക ഏറ്റുവാങ്ങി. ബ്ലൂ ഫ്ലാഗ് പ്രവർത്തനങ്ങളുടെ അവലോകനം, ചാൽ ബീച്ചിൽ ബ്ലൂ ഫ്ലാഗ് അവാർഡ് ലഭ്യമാക്കാനായി നടത്തിയ മാനദണ്ഡങ്ങളുടെ പ്രസന്റേഷൻ, ഗ്രൂപ്പ് ഡിസ്കഷൻ എന്നിവയും നടന്നു.
ഗുജറാത്ത് ടൂറിസം സെക്രട്ടറി രാജേന്ദർ കുമാർ, എഫ്ഇഇ സിഇഒ ഡാനിയൽ ഷാഫർ, ബ്ലൂ ഫ്ലാഗ് ദേശീയ ജൂറി അംഗം ഡോ. അലക്സ് സക്സേന, ബ്ലൂ ഫ്ലാഗ് ഇന്ത്യ നാഷനൽ ഓപ്പറേറ്റർ ഡോ. ശ്രീജി കുറുപ്പ്, ആന്ധ്ര പ്രദേശ് ടൂറിസം അതോറിറ്റി അസി. ഡയറക്ടർ ഡോ. ലജന്തി നായിഡു, സിഇഇ ഗവേണിംഗ് കൗൺസിൽ അംഗം പ്രസാദ് മേനോൻ, ജപ്പാൻ അലയൻസ് ഓഫ് ട്രാവൽ ഏജന്റ്സിന്റെ മസാരു തകായാമ എന്നിവർ പങ്കെടുത്തു.
അഴീക്കോട് എംഎൽഎ കെ.വി. സുമേഷാണ് ചാൽ ബീച്ചിന് ബ്ലൂ ഫ്ലാഗ് ലഭിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ചെയർമാനായ ചാൽ ബീച്ച് മാനേജ്മെന്റ് കമ്മിറ്റി, അസി. കളക്ടർ ഗ്രന്ഥേ സായികൃഷ്ണ എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ടൂറിസം മേഖലയ്ക്ക് ഉണർവാകും
കണ്ണൂർ: അഴീക്കോട് മണ്ഡലത്തിലെ ചാൽ ബീച്ചിന് ബ്ലൂ ഫ്ലാഗ് പദവി ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുത്തനുണർവ് നൽകുമെന്ന് കെ.വി. സുമേഷ് എംഎൽഎ.
ബ്ലൂ ഫ്ലാഗ് പദവി ലഭിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിനും ഡിടിപിസിക്കുമൊപ്പം രണ്ടു വർഷമായി പ്രവർത്തിച്ചുവരികയാണ്. ഈ പദവി ലഭിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ബീച്ചാകാൻ ചാൽ ബീച്ചിനു കഴിഞ്ഞത് സന്തോഷകരമാണ്.
കൂടുതൽ സന്ദർശകർ എത്താനും ജില്ലയിലെ ടൂറിസം മേഖലയ്ക്കാകെ ഉണർവേകാനും ഈ നേട്ടം സഹായിക്കുമെന്നാണു പ്രതീക്ഷ. ഈ അംഗീകാരം ചാൽ ബീച്ചിനേയും കണ്ണൂർ ജില്ലയുടെ ടൂറിസം മേഖലയുടെ തന്നെ വലിയ മാറ്റത്തിലേക്ക് നയിക്കുമെന്നും കെ.വി. സുമേഷ് എംഎൽഎ പറഞ്ഞു.
ബട്ടർഫ്ലൈ പാർക്കും കടലാമ പ്രജനന
കേന്ദ്രവും വാട്ടർ എടിഎമ്മും
സോഷ്യൽ ഫോറസ്ട്രിയുടെ സഹകരണത്തോടെ ബീച്ചിൽ ആരംഭിച്ച ബട്ടർഫ്ലൈ പാർക്ക്, കടലാമ പ്രജനന കേന്ദ്രം, പ്ലാസ്റ്റിക് നിർമാർജനത്തിനായി പഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങൾ, വാട്ടർ എടിഎം എന്നിവയും ഹെർബൽ ഗാർഡനും ചാൽ ബീച്ചിനെ ബ്ലൂ ഫ്ലാഗ് പദവി നേടിയെടുക്കുന്നതിന് ഏറെസഹായിച്ചു. ബീച്ചിലെ സുരക്ഷിത നീന്തൽ മേഖലയായി വേർതിരിച്ചിരിക്കുന്ന ഭാഗത്തെ വെള്ളത്തിന്റെ ശുദ്ധി എല്ലാ മാസവും കൃത്യമായ ഇടവേളകളിൽ സംസ്ഥാന മലിനീകരണ ബോർഡ് മുഖേന പരിശോധിച്ച് ഉറപ്പാക്കാറുണ്ട്.
ബീച്ചിലെ പ്രധാന കവാടത്തിനു ഇരുവശത്തും 150 മീറ്റർ വീതം സുരക്ഷിത നീന്തൽ മേഖലയാണ്. സുരക്ഷാ പരിശോധന നടത്തിയ ശേഷമാണ് 300 മീറ്റർ ഭാഗം സുരക്ഷിത നീന്തൽ മേഖലയായി വേർതിരിച്ചിട്ടുള്ളത്. കവാടത്തിനു ഇരുവശത്തുമായി 400 മീറ്റർ വീതം ദൂരം ബീച്ചിന്റെ അതിർത്തിയും അടയാളപ്പെടുത്തിയിട്ടുണ്ട്. ബീച്ചിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്ക് രണ്ട് ലൈഫ് ഗാർഡുകളെ ഡിടിപിസി നിയോഗിച്ചിട്ടുണ്ട്. തീരത്തിന്റെെ സ്വാഭാവിക സൗന്ദര്യം അതേപടി നിലനിർത്തിയുള്ള വികസന പ്രവർത്തനങ്ങൾ മാത്രമാണ് ഇവിടെ നടത്തിയത്. കുടിവെള്ളം ലഭ്യമാക്കാൻ അഴീക്കോട് പഞ്ചായത്ത് രണ്ട് വാട്ടർ കിയോസ്ക്കുകൾ ബീച്ചിൽ സ്ഥാപിച്ചു. രണ്ടു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം ലഭിക്കും. ചൂട് വെള്ളം, തണുത്ത വെള്ളം, സാധാരണ വെള്ളം എന്നിങ്ങനെ തെരഞ്ഞെടുക്കാനും സൗകര്യമുണ്ട്. കോയിൻ നിക്ഷേപിച്ചോ ക്യുആർ കോഡ് സ്കാൻ ചെയ്തോ പണമടയ്ക്കാം. ബീച്ചിൽ പ്ലാസ്റ്റിക് കുപ്പികൾ കുറയ്ക്കാൻ ഇത് സഹായിച്ചു. സന്ദർശകരെ ബോധവത്കരിക്കുന്നുമുണ്ട്. ബീച്ചിലെ കടകളിൽ മാലിന്യം ശേഖരിക്കാൻ മൂന്നു നിറങ്ങളിലുള്ള ബാസ്ക്കറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
ചാൽബീച്ചിൽ സ്ഥാപിച്ച ക്യൂആർ കോഡ് സ്കാൻ ചെയ്താൽ വിശദമായ വിവരങ്ങൾ ലഭിക്കും. ബീച്ചിലേക്കുള്ള പ്രവേശന സമയം, സുരക്ഷിതമായി ബീച്ചിൽ ഇറങ്ങാൻ പ്രത്യേകമായി മാർക്ക് ചെയ്തിരിക്കുന്ന സ്ഥലം, ലൈഫ് ഗാർഡ് ഡ്യൂട്ടിയിലുള്ളവരുടെ വിവരങ്ങൾ, വീൽചെയർ സൗകര്യ വിവരം, ചാൽബീച്ച് മാപ്പ്, വികലാംഗ സൗഹൃദ പാർക്കിംഗ് ഏരിയ, ടർട്ടിൽ ഹാച്ചറി തുടങ്ങിയവയുടെ വിവരങ്ങൾ സ്കാൻ ചെയ്താൽ ലഭിക്കും.
ഇതിനായി പ്രത്യേകമായി മാപ്പ് അടക്കമുള്ളവ തയാറാക്കുകയും സുരക്ഷിത മേഖല അടക്കമുള്ളവ മാർക്ക് ചെയ്ത് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. ബീച്ചുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പരാതികൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ പരിഹാര നടപടികൾ സ്വീകരിക്കാൻ ഈ സംവിധാനം ഗുണകരമാണ്.
എസ് ചന്ദ്രശേഖർ ജില്ലാ കളക്ടറായിരുന്നപ്പോൾ അന്നത്തെ അസി. കളക്ടർ മിസൽ സാഗർ ഭരതാണ് ഇതിന്റെ പ്രാഥമിക പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് വന്ന അസി. കളക്ടർ അനൂപ് ഗാർഗ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഡിടിപിസി സെക്രട്ടറി പി.ജി. ശ്യാം കൃഷ്ണൻ, സീനിയർ ഫിനാൻസ് ഓഫീസർ ശിവപ്രകാശൻ നായർ, ഡിടിപിസി ബീച്ച് മാനേജർ പി.ആർ ശരത്കുമാർ തുടങ്ങിയവർ ചിട്ടയായ പ്രവർത്തങ്ങൾ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ്, വാർഡ് മെമ്പർ ഹൈമ കെ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.സി. മനോജ്, ഡിടിപിസി സെക്രട്ടറി, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ, സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്റർ, സംസ്ഥാന മലിനീകരണ ബോർഡ് അംഗം, ബീച്ച് മാനേജർ തുടങ്ങിയവരടങ്ങിയ ബീച്ച് മാനേജ്മന്റ് കമ്മിറ്റി അംഗങ്ങളാണ്.