കായികരംഗത്ത് മലയോരത്തിന് അഭിമാനമായി ജാസ്മിൻ ജോസ്
1494530
Sunday, January 12, 2025 1:54 AM IST
ശ്രീകണ്ഠപുരം: കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിലും കേരള മലയാളി മാസ്റ്റേഴ്സ് മീറ്റിലും സ്വർണത്തിളക്കത്തിൽ ചെന്പേരി അന്പഴത്തുംചാലിലെ ജാസ്മിൻ ജോസ്. 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ ഓട്ടത്തിലും 4 x 400 മീറ്റർ റിലേയിലും സ്വർണം നേടിയതിലൂടെ കായിക മത്സരത്തിന് പ്രായം തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് പരിശീലക കൂടിയായ ജാസ്മിൻ. ശ്രീകണ്ഠപുരം കോട്ടൂർ ലിറ്റിൽ ഫ്ളവർ സ്കൂളിലെ ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപികയായ ജാസ്മിൻ സ്കൂൾ പഠനകാലത്താണ് കായികരംഗത്ത് സജീവമാകുന്നത്. മക്കൾ കായികതാരങ്ങളാകണമെന്ന അമ്മ മരിയയുടെ ആഗ്രഹമാണ് ജാസ്മിനും സഹോദരങ്ങളായ ജിതിനെയും ജിസ്മിയെയും ട്രാക്കിലെത്തിച്ചത്. 2007ൽ ഒളിന്പ്യൻ പി.ടി. ഉഷയുടെ സ്കൂൾ ഓഫ് അത്ലറ്റിക്സിലും തുടർന്ന് പ്ലസ് ടുവരെ ജോർജ് കുളങ്ങരയുടെ ലേബർ ഇന്ത്യാ പബ്ലിക് സ്കൂളിലുമാണ് ജാസ്മിൻ പഠിച്ചത്.
2008ൽ പാലക്കാട് നടന്ന സ്റ്റേറ്റ് മീറ്റിൽ 400, 600 മീറ്ററുകളിൽ വെള്ളി നേടി. നാല് വർഷത്തെ സിബിഎസ്ഇ ചാമ്പ്യനും ജാസ്മിനായിരുന്നു. എംജി യൂണിവേഴ്സിറ്റി പഠനകാലത്ത് വിമൺസ് നാഷണൽ ക്രോസ് കൺട്രി,100, 200, 400 മീറ്റർ മത്സരങ്ങളിലും 4 x 400, 4 x 100 മീറ്റർ റിലേകളിലും കഴിവ് തെളിയിച്ച ജാസ്മിൻ കണ്ണൂർ യൂണിവേഴിസിറ്റിയെ പ്രതിനിധീകരിച്ച് ഓൾ ഇന്ത്യാ യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റിലും പങ്കെടുത്തിട്ടുണ്ട്. കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ കോളജ് മത്സരത്തിൽ 100, 200,400 മത്സരങ്ങളിൽ സ്വർണ മെഡൽ ജേതാവായിരുന്നു. ഇന്ത്യക്ക് വേണ്ടി ഒരു മെഡൽ നേടുക എന്നതാണ് ജാസ്മിന്റെ സ്വപ്നം.
ഇരിട്ടി വാളത്തോട് കുന്നുംപുറത്ത് പരേതനായ ജോസ് - മരിയ ദമ്പതികളുടെ മകളാണ്. ഇസ്രയേലിൽ ജോലി ചെയ്യുന്ന ചെമ്പേരി അമ്പഴത്തുംചാലിലെ ഷിബിൻ ജോൺ ആണ് ഭർത്താവ്. മത്സരവേദികളിൽ ഷിബിന്റെ അമ്മ എൽസമ്മയാണ് ജാസ്മിന് കൂട്ടായി പോകുന്നത്. വിദ്യാർഥികളായ എബേൽ, ഏയ്ഞ്ചൽ എന്നിവർ മക്കളാണ്. കുടുംബത്തിന്റെ പിന്തുണയും പ്രോത്സാഹനവുമാണ് കായിക നേട്ടത്തിന് കാരണമെന്ന് ജാസ്മിൻ പറഞ്ഞു.
തന്റെ കായിക പരിശീലനത്തിനൊപ്പം പുതുതലമുറയെ കണ്ടെത്തിആവശ്യമായ പരിശീലനം നൽകുന്ന ജാസ്മിൻ മാതൃകാ കായികതാരവും കായികാധ്യാപികയുമാണെന്ന് ലിറ്റിൽ ഫ്ലവർ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിനോ പി. ജയിംസ് പറയുന്നു.