സഹകരണ മേഖലയിലെ ഒറ്റപ്പെട്ട പോരായ്മകൾ പരിഹരിക്കും: മന്ത്രി വി.എൻ. വാസവൻ
1494529
Sunday, January 12, 2025 1:54 AM IST
ഇരിട്ടി: വൈവിധ്യവത്കരണം വഴി സഹകരണ മേഖലയ്ക്കു കൂടുതൽ കരുത്തേകി കർഷകർക്കും ജനങ്ങൾക്കും തണലൊരുക്കാനാണ് ശ്രമമെന്ന് മന്ത്രി വി.എൻ. വാസവൻ. കിളിയന്തറ സഹകരണ ബാങ്ക് നിരങ്ങംചിറ്റയിൽ സ്ഥാപിച്ച കണ്ണൂർ ജില്ലയിലെ ആദ്യത്തെ സഹകരണ റബർ ഗ്രേഡ് ഷീറ്റ് നിർമാണ ഫാക്ടറി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിലെ ഒറ്റപ്പെട്ട പോരായ്മകൾ പരിഹരിക്കും. ഇതിനായി സഹകരണ നിയമവും ചട്ടവും ഭേദഗതി ചെയ്തതായും മന്ത്രി പറഞ്ഞു.
പ്രതിദിനം 2000 ലിറ്റർ ലാറ്റക്സ് സംഭരിച്ച് റബർ ഗ്രേഡ് വൺ ഷീറ്റാക്കാനുള്ള ഫാക്ടറിയാണിത്. 1.76 കോടി രൂപ നബാർഡ് വായ്പ വഴിയാണ് ഫാക്ടറി നിർമിച്ചത്. ബാങ്ക് പ്രസിഡന്റ് വി.കെ. ജോസഫ് അധ്യക്ഷത വഹിച്ചു. റബർ പുകപ്പുര സണ്ണി ജോസഫ് എംഎൽഎയും ഡിആർസി ലബോറട്ടറി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും ട്രീറ്റ്മെന്റ് പ്ലാന്റ് പഞ്ചായത്ത് പ്രസിഡന്റ് പി. രജനിയും റബർ പാൽ സംഭരണം ഫാ. ആന്റണി ആനക്കല്ലിലും ഫാക്ടറിയിൽ നിന്നുള്ള ആദ്യ ഗ്രേഡ് ഷീറ്റ് വില്പന കേരള ബാങ്ക് ഡയറക്ടർ കെ.ജി. വത്സലകുമാരിയും ഗോഡൗൺ കേരഫെഡ് ചെയർമാൻ കെ. ശ്രീധരനും ഉദ്ഘാടനം ചെയ്തു.
കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സി.വി. ശശീന്ദ്രൻ കംപ്യൂട്ടർ സ്വിച്ച്ഓൺ കർമം നിർവഹിച്ചു. കെ.വി. സക്കീർ ഹുസൈൻ, ബാങ്ക് സെക്രട്ടറി എൻ. അശോകൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വിനോദ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹമീദ് കണിയാട്ടയിൽ, പഞ്ചായത്ത് അംഗങ്ങളായ അനിൽ എം. കൃഷ്ണൻ, ഷിജിന, സഹകരണ വകുപ്പ് മുൻ ഡിആർ കെ. പ്രദോഷ് കുമാർ, അഡ്വ. എൻ.എം. രമേശൻ, പി.ടി. സാലി, ബാബുരാജ് പായം, കെ. മോഹനൻ, ടോം മാത്യു, എം.എ. ആന്റണി, പി.കെ. ചന്ദ്രൻ, കെ.പി. റാഫി, കെ.എസ്. സുഭാഷ് രാജൻ എന്നിവർ പ്രസംഗിച്ചു.